മര്‍ക്കസ് സംഘടിപ്പിക്കുന്ന ‘യുണൈറ്റഡ് യൂത്ത് സമ്മിറ്റിന്’ കോഴിക്കോട് തുടക്കം
പഞ്ചാബ് സാംസ്‌കാരിക മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജോദ് സിംഗ് സിദ്ദു സമ്മിറ്റ് ഉദ്ഘാടനം ചെയ്തു.
ഐക്യരാഷ്ട്രസഭയുടെ സംരഭങ്ങളും നയതന്ത്ര രീതികളും യുവാക്കള്‍ക്ക് പകര്‍ന്നു നല്‍കുന്നതിന് വേണ്ടി മര്‍ക്കസ് സംഘടിപ്പിച്ച ‘യുണൈറ്റഡ് യൂത്ത് സമ്മിറ്റ്’ കോഴിക്കോട് തുടങ്ങി. ലോകത്തെ പത്ത് രാഷ്ട്രങ്ങളില്‍ നിന്നുള്ള മൂന്നൂറ് യുവ പ്രതിഭകളാണ് പങ്കെടുക്കുന്നത്. സമ്മിറ്റ് പ്രതിനിധികളുടെ പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളും നാളെയും തുടരും.
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന പദ്ധതികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ‘യുണൈറ്റഡ് യൂത്ത് സര്‍ക്യൂട്ടും’ മര്‍കസും ചേര്‍ന്നാണ് യുണൈറ്റഡ് യൂത്ത് സമ്മിറ്റ് നടത്തുന്നത്. രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചടങ്ങ് പഞ്ചാബ് സാംസ്‌കാരിക മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജോദ് സിംഗ് സിദ്ദു ഉദ്ഘാടനം ചെയ്തു.
വിവിധ വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളിലൂടെ രാഷ്ട്ര നിര്‍മാണത്തിനും പുരോഗതിക്കുമുള്ള പുതിയ ആശയങ്ങളാണ് രൂപപ്പെടുന്നത്. മുന്‍ കേന്ദ്ര മന്ത്രിയും ‘ഇന്ത്യാസ് മൂവ്‌മെന്റ് ഫോര്‍ ദി യുണൈറ്റഡ് നാഷന്‍സ്’ എന്ന സംഘടനയുടെ ഉപദേശകനുമായ മണി ശങ്കര്‍ അയ്യര്‍ പ്രതിനിധികളുമായി സംവദിച്ചു. മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി.
ഇന്നും നാളെയുമായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം നടക്കുന്ന സമാപന സമ്മേളനത്തില്‍ ലോക പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. അബ്ദുല്‍ അസീസ് അല്‍ നുഐമി മുഖ്യപ്രഭാഷണം നടത്തും. മുന്‍ അംബാസിഡറും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ ദീപക് വോഹ്‌റ, സംസ്ഥാന തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.