ചോദിച്ച പണം നല്‍കിയില്ല; വിദേശ സഹായം മുടക്കി; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി
വിദേശ സഹായം കേന്ദ്രം സംസ്ഥാനത്തിന് നിഷേധിച്ചത് തിരിച്ചടിയായെന്ന് മുഖ്യമന്ത്രി പറഞ്ഞു
കേരളത്തിന് വിദേശരാജ്യങ്ങളുടെ ധനസഹായം മുടക്കിയ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശ സഹായം കേന്ദ്രം സംസ്ഥാനത്തിന് നിഷേധിച്ചത് തിരിച്ചടിയായെന്ന് മുഖ്യമന്ത്രി പറഞ്ഞു. 5000 കോടി സഹായം ചോദിച്ചെങ്കിലും കേന്ദ്രത്തില്‍ നിന്ന് പ്രതികരണം ഉണ്ടായില്ല. ദുബൈയിൽ ബിസിനസുകാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ പുനർ നിർമാണ പ്രവർത്തനങ്ങൾക്ക് ലോകോത്തര നിലവാരം ഉറപ്പാക്കും. ഈ ഘട്ടത്തിൽ വിദേശ മലയാളികൾക്ക് ഏറെ ചെയ്യാൻ കഴിയും. എത്ര ചെറുതായാലും എല്ലാവരും ഉദാരമായി കേരളത്തിന് സഹായം നൽകണം. ഇതിൽ നിര്‍ബന്ധത്തിന്റെ പ്രശ്നമില്ല. നമ്മളെ നാം ആക്കിയ കേരളത്തിന്റെ കൂടെ എല്ലാവരും നിലയുറപ്പിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ രാജ്യങ്ങളിലെ ചാരിറ്റി സംഘടനകൾക്കും ഫൗണ്ടേഷനുകൾക്കും കേരളത്തിന് സഹായം നൽകുന്നതിൽ വിലക്കില്ല. അവരുമായി നടത്തിയ ചർച്ചകൾ പ്രതീക്ഷ പകരുന്നതാണ്. തങ്ങൾക്കു സംഭവിച്ച ദുരന്തം എന്ന നിലക്കാണ് യു.എ.ഇ നേതൃത്വം കേരളത്തിന്റെ പ്രളയ കെടുതിയെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.