ശബരിമല ഉൾപ്പെടെയുള്ള കാനന ക്ഷേത്രങ്ങൾ വിട്ടുനല്‍കണം; ആദിവാസികൾ പ്രക്ഷോഭത്തിന്
ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ പതിനഞ്ചോളം ആദിവാസി സംഘടനകൾ ഒരുമിച്ചാണ് പ്രക്ഷോഭം നടത്തുക.
ശബരിമല ഉൾപ്പെടെയുള്ള കാനന ക്ഷേത്രങ്ങൾ യഥാര്‍ത്ഥ അവകാശികള്‍ക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ആദിവാസികൾ പ്രക്ഷോഭത്തിന്. ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ പതിനഞ്ചോളം ആദിവാസി സംഘടനകൾ ഒരുമിച്ചാണ് പ്രക്ഷോഭം നടത്തുക. ക്ഷേത്രങ്ങൾ ആദിവാസികൾക്ക് നൽകാൻ നിയമ നിർമാണം നടത്തണമെന്ന് ഗോ ത്രമഹാസഭ കണ്‍വീനര്‍ ഗീതാനന്ദന്‍ മീഡിയവണിനോട് പറഞ്ഞു.
ശബരിമല അടക്കമുള്ള കാനന ക്ഷേത്രങ്ങള്‍ പരമ്പരാഗതമായി ആദിവാസികളാണ് അവകാശികള്‍ എന്നാല്‍ കാലക്രമേണ ഇതിന്റെ ഉടമസ്ഥാവകാശം പലരും കൈക്കലാക്കി. നിലവില്‍ ശബരിമല വിഷയം സജീവ ചര്‍ച്ചയായ സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ച് ആദിവാസികള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. ശബരിമല മലയരയ വിഭാഗത്തിന് തിരികെ നൽകണം. സർക്കാർ ഇതിനായി അടിയന്തരമായി ഓർഡിനൻസ് പുറപ്പെടുവിക്കണം. തുടർന്ന് നിയമനിർമ്മാണം നടത്തണം എന്നീ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.
ആദിവാസി ഗോത്രമഹാസഭയെ കൂടാതെ പതിനഞ്ചോളം സംഘടനകളും ചേർന്നാണ് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നത്. ഈ മാസം 28ന് കോട്ടയത്ത് യോഗം ചേർന്ന് വിപുലമായ സമരപരിപാടികൾ ആസൂത്രണം ചെയ്യും. കാസർകോട് മുതൽ തിരുവനന്തപുരം വരെ മണ്ഡലകാലത്ത് പ്രക്ഷോഭ യാത്ര സംഘടിപ്പിക്കാനാണ് ആലോചന.