സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം: രണ്ട് കാറുകള്‍ക്ക് തീയിട്ടു
ആക്രമണത്തിന് പിന്നില്‍ സംഘപരിവാറെന്ന് സന്ദീപനാന്ദഗിരി.ഒരു സന്യാസി നിര്‍ഭയനായിരിക്കണം. അതുകൊണ്ട് ഇത്തരക്കാരെ താന്‍ പേടിക്കുന്നില്ലെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.
സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ കുണ്ടമൺ കടവിലെ ആശ്രമത്തിന് നേരെ ആക്രമണം. രഅക്രമികള്‍ രണ്ട് കാറുകളും ഒരു ബൈക്കും കത്തിച്ചു. ആക്രമണത്തിന് പിന്നില്‍ സംഘപരിവാറെന്ന് സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു.
രാത്രി രണ്ടുമണിക്ക് ശേഷമാണ് അക്രമമുണ്ടായതെന്ന് സന്ദീപാനന്ദഗിരി പറഞ്ഞു. തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റടക്കം ഇളകി ആശ്രമത്തിനകത്തേക്ക് തീ പടർന്ന് കെട്ടിടത്തിനും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ആശ്രമത്തിന് മുന്നിൽ റീത്ത് വച്ചാണ് ആക്രമികള്‍ മടങ്ങിയത്. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. പൂജപ്പുര പോലീസെത്തി പ്രാഥമിക വിവരശേഖരണം നടത്തി.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ താന്‍ സ്വീകരിച്ച നിലപാടാണ് ഈ അക്രമത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഒരു സന്യാസിയെ ഇങ്ങനെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഒരു സന്യാസി നിര്‍ഭയനായിരിക്കണം. അതുകൊണ്ട് ഇത്തരക്കാരെ താന്‍ പേടിക്കുന്നില്ലെന്നും സന്ദീപാനന്ദഗിരി പറഞ്ഞു,
തന്റെ വീടിന് നേരെ ആക്രമണമുണ്ടായതിന്റെ ഉത്തരവാദിത്വം പന്തളം കുടുംബത്തിനും തന്ത്രി കുടുംബത്തിനും ശ്രീധരന്‍പിള്ളയ്ക്കുമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. അവര്‍നേരത്തെ തന്നെ ഇത്തരത്തില്‍ കത്തിക്കണമെന്ന് ആഹ്വാനം ചെയ്തവരാണ്. മാത്രമല്ല, ഇറങ്ങരുതെന്ന് അവര്‍ ഒന്ന് പറഞ്ഞിരുന്നെങ്കില്‍ ശബരിമല വിഷയത്തില്‍ ഇത്രയും ജനങ്ങള്‍ തെരുവില്‍ ഇറങ്ങില്ലായിരുന്നു. കേരളം മുഴുവന്‍ ഇത്തരത്തിലുള്ള കലാപം നടത്താനുള്ള ഗൂഢാലോചനയാണ് ഇവര്‍ നടത്തുന്നത്. അവര്‍ ഒരു മാഫിയയെപ്പോലെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശവും അദ്ദേഹം ഉന്നയിച്ചു.
സന്ദീപാനന്ദഗിരിക്കെതിരെ ഭീഷണി നിലനില്‍ക്കുന്നുണ്ടായിരുന്നു. ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമാക്കണമെന്ന് വാദിച്ചതിനാല്‍ അദ്ദേഹത്തിന് നേരെയും നേരത്തെ ആക്രമണശ്രമമുണ്ടായിരുന്നു. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിക്ക് അനുകൂലമായ നിലപാടായിരുന്നു സ്വാമി സ്വീകരിച്ചത്. ഇതിൽ പ്രതിഷേധിച്ച് സ്വാമിക്കെതിരെ പോസ്റ്ററുകൾ പതിക്കുകയും ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ആശ്രമത്തിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു.