രാധാകൃഷ്ണന് പകരം പൊലീസ് അറസ്റ്റ് ചെയ്തത് ചന്ദ്രനെ: പ്രതി പേര് പറഞ്ഞില്ലെന്ന് വിശദീകരണം
ഭണ്ഡാര മോഷണക്കേസിൽ ആളുമാറി അറസ്റ്റു ചെയ്ത ആദിവാസി യുവാവ് റിമാൻഡിലിരിക്കെ യഥാർത്ഥ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. അബദ്ധം മനസ്സിലായ പൊലീസ് കോടതിയിൽ അപേക്ഷ നൽകി റിമാൻഡ് റദ്ദാക്കി.
ഭണ്ഡാര മോഷണക്കേസിൽ ആളുമാറി അറസ്റ്റു ചെയ്ത ആദിവാസി യുവാവ് റിമാൻഡിലിരിക്കെ യഥാർത്ഥ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. അബദ്ധം മനസ്സിലായ പൊലീസ് കോടതിയിൽ അപേക്ഷ നൽകി റിമാൻഡ് റദ്ദാക്കി. പാലക്കാട് മണ്ണാർക്കാട് പൊലീസാണ് നിരപരാധിയായ ആദിവാസി യുവാവിനെ പത്തു ദിവസത്തോളം തടവിലാക്കിയത്.
2008 ൽ കാഞ്ഞിരപ്പുഴ ഭാഗത്തെ ക്ഷേത്രത്തിലുണ്ടായ ഭണ്ഡാര മോഷണ കേസിലാണ് ഇക്കഴിഞ്ഞ ഒക്ടോബർ 24 ന് കാഞ്ഞിരപ്പുഴ പാമ്പൻ തോട് കോളനിവാസിയായ ചന്ദ്രനെ അറസ്റ്റ് ചെയ്തത്. തുടർന്ന് മണ്ണാർക്കാട് മുൻസിഫ് കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. കേസിലെ യഥാർത്ഥ പ്രതി രാധാകൃഷ്ണനാണെന്ന് കരുതിയായിരുന്നു കാഞ്ഞിരപ്പുഴ കാഞ്ഞിരം ഭാഗത്തു നിന്ന് ചന്ദ്രനെ അറസ്റ്റു ചെയ്തത്. പക്ഷേ പിന്നീട് നടന്ന അന്വേഷണത്തിൽ അറസ്റ്റിലായത് രാധാകൃഷ്ണനല്ലെന്നും ചന്ദ്രനാണെന്നും വ്യക്തമായി. ഇതിനെത്തുടർന്ന് കഴിഞ്ഞ ദിവസം പൊലീസ് കോടതിയിൽ അപേക്ഷ നൽകി ചന്ദ്രന്റെ റിമാൻഡ് റദ്ദാക്കി.
അറസ്റ്റ് ചെയ്യുന്ന സമയത്ത് രാധാകൃഷ്ണനല്ലെന്ന് ചന്ദ്രൻ പറഞ്ഞില്ലെന്നാണ് ഇത് സംബന്ധിച്ച് പൊലീസ് നൽകുന്ന വിശദീകരണം. കോടതിയിലും രാധാകൃഷ്ണൻ എന്ന പേരും തനിക്കെതിരെ ചുമത്തിയ കുറ്റവും ചന്ദ്രൻ നിഷേധിച്ചില്ലെന്നും പോലീസ് പറയുന്നു. കേസിലെ പ്രതി കരിമ്പൻ കുന്ന് കോളനിവാസിയായ രാധാകൃഷ്ണനെ ഇപ്പോഴും പിടികിട്ടിയിട്ടില്ല.