പാലക്കാട് നഗരസഭ;അവിശ്വാസ പ്രമേയം ഇന്ന്

ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ സി.പി.എം പിന്തുണയോടെ അവിശ്വാസ പ്രമേയം പാസാക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

Update: 2018-11-05 04:06 GMT
Advertising

ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ അധ്യക്ഷയ്ക്കും ഉപാദ്ധ്യക്ഷനുമെതിരെ യു.ഡി.എഫ് നല്‍കിയ അവിശ്വാസ പ്രമേയം ഇന്ന് വോട്ടിനിടും. ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ സി.പി.എം പിന്തുണയോടെ അവിശ്വാസ പ്രമേയം പാസാക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. ചർച്ചയും വോട്ടെടുപ്പും ബഹിഷ്കരിക്കാനാണ് ബി.ജെ.പി തീരുമാനം.

Full View

അമ്പത്തിരണ്ടംഗ നഗരസഭയില്‍ അവിശ്വാസ പ്രമേയം പാസ്സാവാന്‍ 27 വോട്ടുകളാണ് വേണ്ടത്. ഭരണകക്ഷിയായ ബി.ജെ.പിക്ക് ആകെ ഇരുപത്തിനാലംഗങ്ങളുണ്ട്. യു.ഡി.എഫിന്റെ 17 അംഗങ്ങളും വെല്‍ഫെയര്‍ പാര്‍ട്ടി സ്വതന്ത്രനും സി.പി.എമ്മിന്റെ ഒമ്പതംഗങ്ങളും പിഴവുകളൊന്നും വരുത്താതെ അനുകൂലിച്ച് വോട്ടു ചെയ്താല്‍ മാത്രമേ പ്രമേയം പാസ്സാവൂ. ഇത് സാദ്ധ്യമാവുമെന്നു തന്നെയാണ് അവസാന നിമിഷവും യു.ഡി.എഫ് നേതൃത്വം പ്രതീക്ഷിക്കുന്നത്. ആകെയുള്ള 5 സ്ഥിരം സമിതികളില്‍ നാലെണ്ണത്തിലും അടുത്തിടെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയങ്ങള്‍ പാസ്സാവുകയും ബി.ജെ.പിക്ക് അദ്ധ്യക്ഷ സ്ഥാനങ്ങള്‍ നഷ്ടമാവുകയും ചെയ്തിരുന്നു. പ്രതിപക്ഷത്തെ അവിശുദ്ധ കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് ചർച്ചയും വോട്ടെടുപ്പും ബഹിഷ്കരിക്കുമെന്ന് ബി.ജെ.പി നേതൃത്വം പറഞ്ഞു.

സ്ഥിരം സമിതികളില്‍ രണ്ടെണ്ണത്തില്‍ അദ്ധ്യക്ഷസ്ഥാനത്തേക്ക് സി. പി.എം ഏകപക്ഷീയമായി മത്സരിക്കുകയും കോണ്‍ഗ്രസിന് പിന്മാറേണ്ടി വരികയും ചെയ്തതിന്റെ അസ്വാരസ്യം പ്രതിപക്ഷത്ത് നിലനില്‍ക്കുന്നുണ്ട്. ഇത് മുതലെടുത്ത് അവിശ്വസ പ്രമേയ വോട്ടെടുപ്പ് അതിജീവിക്കാനാവുമെന്നു തന്നെയാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷ നിരയിലെ ഒരു വോട്ടെങ്കിലും അസാധുവായാല്‍പ്പോലും അവിശ്വാസ പ്രമേയം പരാജയപ്പെടും.

Tags:    

Similar News