സ്വന്തം കാറില്‍ പമ്പയിലേക്ക് പോകണമെന്ന് പി.കെ കൃഷ്ണദാസും ശശികലയും; കെ.എസ്.ആര്‍.ടി.സി ബസില്‍ സി.കെ പത്മനാഭൻ

നിലക്കലിൽ നിന്ന് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി നേതാക്കൾ. പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കം പരാജയപ്പെട്ടതിനെ തുടർന്ന്...

Update: 2018-11-06 08:29 GMT
Advertising

നിലക്കലിൽ നിന്ന് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി നേതാക്കൾ. പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കം പരാജയപ്പെട്ടതിനെ തുടർന്ന് അവസാനം കെ.എസ്.ആര്‍.ടി.സി ബസുകളിൽ തന്നെ നേതാക്കൾ പമ്പയിലേക്ക് തിരിച്ചു. സർക്കാർ സംവിധാനങ്ങളോട് സഹകരിച്ച് പോകാനാണ് ആഗ്രഹിക്കുന്നതെന്ന സി കെ പത്മനാഭന്റെ നിലപാടും ബിജെപിക്ക് തിരിച്ചടിയായി.

രാവിലെ 9 മണിയോടെയാണ് ബി.ജെ.പി സംസ്ഥാന നേതാക്കളായ പി.കെ കൃഷ്ണദാസ്, എ.എൻ രാധാകൃഷ്ണൻ, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല, ആർ.എസ്.എസ് നേതാവ് കൃഷ്ണൻകുട്ടി എന്നിവരടക്കമുള്ള നേതാക്കൾ 3 വാഹനങ്ങളിലായി നിലക്കലിൽ എത്തിയത്. സ്വകാര്യ വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയില്ലെന്ന് പൊലീസ് നിലപാടെടുത്തത് തർക്കത്തിലേക്ക് നയിച്ചു. ബി.ജെ.പിക്കാർ ഒഴികെയുള്ളവരുടെ സ്വകാര്യ വാഹനങ്ങൾ കടത്തിവിട്ടുവെന്നായിരുന്നു ബി.ജെ.പിയുടെ വാദം. വാക്കുകളിലൂടെ പ്രകോപനമുണ്ടാക്കാനുള്ള ശ്രമമാണ് ബി.ജെ.പി നേതാക്കൾ നടത്തിയത്.

Full View

കൃത്യമായ രജിസ്റ്റർ സൂക്ഷിച്ച് മാധ്യമ പ്രവർത്തകരേയും ദേവസ്വം ബോർഡ് ജീവനക്കാരെയും മാത്രമാണ് കടത്തിവിട്ടിട്ടുള്ളതെന്ന് പൊലീസ് ബോധ്യപ്പെടുത്തിയെങ്കിലും ബി.ജെ.പി നേതാക്കൾ വഴങ്ങിയില്ല. അതിനിടെ ശബരിമല സന്ദർശനത്തിന് കെ.എസ്.ആര്‍.ടി.സി ബസിലെത്തിയ മുതിർന്ന ബി.ജെ.പി നേതാവ് സി.കെ പത്മനാഭൻ സർക്കാർ ഏർപ്പെടുത്തിയ സംവിധാനങ്ങളുമായി സഹകരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് നിലപാടെടുത്തതോടെ പ്രശ്നമുണ്ടാക്കാൻ ശ്രമിച്ച ബി.ജെ.പി നേതാക്കൾക്ക് പിന്നോട്ട് പോകേണ്ടി വന്നു. ഏറ്റവുമൊടുവിൽ ഒരു മണിക്കൂറിലധികം റോഡിൽ വാഹനം നിർത്തിയിട്ട് ബഹളം ഉണ്ടാക്കിയ ബി.ജെ.പി നേതാക്കൾ കെ.എസ്.ആര്‍.ടി.സി ബസിൽ പമ്പയിലേക്ക് തിരിച്ചു.

Tags:    

Similar News