മതേതര പ്രതിച്ഛായക്ക് തിരിച്ചടി; കെ.എം ഷാജിയും ലീഗും പ്രതിരോധത്തില്‍ 

ലീഗിലെ ഏറ്റവും മതേതരനായ നേതാവെന്ന് സ്വയം അവകാശപ്പെടുന്ന കെ.എം ഷാജിക്ക് വരുകാല രാഷ്ട്രീയ ജീവിതത്തില്‍ വിധി കളങ്കമായി നില്‍ക്കും

Update: 2018-11-09 09:59 GMT
Advertising

താത്കാലിക സ്റ്റേ ലഭിച്ചെങ്കിലും കെ.എം ഷാജിക്ക് എതിരായ ഹൈക്കോടതി വിധി മുസ്‍ലിം ലീഗിനെ കടുത്ത പ്രതിരോധത്തിലാക്കി. ലീഗിലെ ഏറ്റവും മതേതരനായ നേതാവെന്ന് സ്വയം അവകാശപ്പെടുന്ന കെ.എം ഷാജിക്കും വരുകാല രാഷ്ട്രീയ ജീവിതത്തില്‍ വിധി കളങ്കമായി നില്‍ക്കും. അതിനാല്‍ സുപ്രീംകോടതിയില്‍ നിന്നും സ്റ്റേയ്ക്ക് അപ്പുറം ഹൈക്കോടതി വിധി ഇല്ലാതാക്കുന്ന ഉത്തരവ് നേടിയെടുക്കാനായിരിക്കും ലീഗിന്റെയും ഷാജിയുടേയും ശ്രമം.

“കാരുണ്യവനായ അല്ലാഹുവിന്റെ അടുക്കല്‍ അമുസ്‍ലിംകള്‍ക്ക് സ്ഥാനമില്ല. അന്ത്യനാളില്‍ അവര്‍ സിറാത്തിന്റെ പാലം കടക്കില്ല. അവര്‍‌ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണ്. അഞ്ച് നേരം നമസ്കരിച്ച് നമ്മള്‍ക്ക് വേണ്ടി കാവല്‍ തേടുന്ന ഒരു മുഅ്മിനായ കെ മുഹമ്മദ് ഷാജി എന്ന കെ എം ഷാജി വിജയിക്കാന്‍ എല്ലാ മുഅ്മിനുകളും അല്ലാഹുവിനോട് പ്രര്‍ത്ഥിക്കണം"- ഈ വാചകങ്ങള്‍ അടങ്ങുന്ന ലഘുലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വര്‍ഗീയമായി വോട്ടുകള്‍ നേടുന്നതിനായി ഉപയോഗിച്ചുവെന്ന ഹൈക്കോടതിയുടെ കണ്ടെത്തല്‍ ലീഗിനെയും ഷാജിയേയും തെല്ലൊന്നുമല്ല കുഴക്കുന്നത്.

ഇത്രയും കാലം മുസ്‍ലിം സമുദായ സംഘടനകളെ അടക്കം ആക്രമിച്ചും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയും കെട്ടിപ്പടുത്ത മതേതര പ്രതിച്ഛായ ഒറ്റ വിധികൊണ്ട് വര്‍ഗീയതയുടേതായി മാറിയെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ വിധി തിരിച്ചടിയാണെന്നും പ്രതിരോധം അനിവാര്യമാണെന്നും ലീഗ് നേതൃത്വം വിലയിരുത്തുന്നു.

Full View

തന്നെ എല്ലാവര്‍ക്കും അറിയാമെന്ന ഷാജിയുടെ പ്രതികരണങ്ങള്‍ കാര്യമായ പ്രയോജനം ചെയ്യില്ലെന്നും ലീഗ് നേതൃത്വത്തിന് അറിയാം. ഒപ്പം വരും കാല തെരഞ്ഞെടുപ്പുകളില്‍ ഷാജിയെ മാത്രമല്ല ലീഗിനെ ഒന്നാകെ വര്‍ഗീയ ആരോപണങ്ങളുടെ മുള്‍മുനയില്‍ സി.പി.എം നിര്‍ത്തും.

മതേതര നിലപാടുകളിലൂടെ ഭൂരിപക്ഷ സമുദായത്തിനും സംഘ്പരിവാറിനും വരെ താല്‍പര്യമുള്ള നേതാവായി ലീഗില്‍ കെ.എം ഷാജി മാറിയിരുന്നു. അത്തരം വോട്ടുകള്‍ ചോരുന്നതിലേക്കും കോടതി വിധി കാരണമാകും. ഇതെല്ലാം കെ.എം ഷാജിയെന്ന നേതാവിന് പാര്‍ട്ടിക്കുള്ളിലും പുറത്തും വലിയ പ്രതിസന്ധിയാവും തീര്‍ക്കുക.

Tags:    

Similar News