മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിനായി കൂടുതല്‍ യുവതികള്‍;541 പേര്‍ രജിസ്റ്റര്‍ ചെയ്തു
ഇവരുടെ സംസ്ഥാനം തിരിച്ചുള്ള കണക്ക് പൊലീസ് ശേഖരിക്കുകയാണ്.കഴിഞ്ഞ രണ്ട് തവണ നട തുറന്നപ്പോഴും യുവതി പ്രവേശനം സാധ്യമായിരുന്നില്ല.
മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിന് കൂടുതല്‍ യുവതികളെത്തുമെന്ന് സൂചന. പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള 541 പേരാണ് ഇതുവരെ ദര്‍ശനത്തിനായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയത്. ഇവരുടെ സംസ്ഥാനം തിരിച്ചുള്ള പട്ടിക പൊലീസ് തയ്യാറാക്കുകയാണ്. മൂന്നര ലക്ഷത്തിലധികം പേര്‍ ഇതുവരെ ശബരിമല ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തു.
ഇന്നലെ വൈകിട്ട് മൂന്നു മണി വരെയുള്ള കണക്കുകള്‍ പ്രകാരം 10നും 50നും ഇടയില്‍ പ്രായമുള്ള 541 യുവതികള്‍ ശബരിമല ദര്‍ശനത്തിനായി പൊലീസിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികളാണ് രജിസ്ട്രേഷന്‍ നടത്തിയിട്ടുള്ളത്. ഇവരുടെ സംസ്ഥാനങ്ങള്‍ തിരിച്ചുള്ള പട്ടിക പൊലീസ് തയ്യാറാക്കിത്തുടങ്ങി. യുവതീ പ്രവേശന വിധിക്ക് ശേഷം തുലാമാസ പൂജക്കും, ചിത്തിര ആട്ട വിശേഷപൂജക്കും നടതുറന്നപ്പോള്‍ വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനം തിരിച്ചുള്ള പട്ടിക പൊലീസ് തയ്യാറാക്കുന്നത്. യുവതികളുടെ പശ്ചാത്തലമടക്കം പൊലീസ് പരിശോധിക്കും.
സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ യുവതികളെ സന്നിധാനത്തെത്തിക്കുക പൊലീസിന് വലിയ വെല്ലുവിളിയാണ്. ചിത്തിര ആട്ടവിശേഷ പൂജക്കായി നട തുറന്നപ്പോള്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. യുവതി പ്രവേശിക്കുന്നുവെന്ന സംശയത്തില്‍ സന്നിധാനത്ത് വലിയ സംഘര്‍ഷവുമുണ്ടായി. പൊലീസിനെ കാഴ്ചക്കാരാക്കി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ശബരിമല നിയന്ത്രണം ഏറ്റെടുക്കുന്ന അവസ്ഥയുമുണ്ടായി. ഈ സാഹചര്യത്തില്‍ മണ്ഡല മകരവിളക്ക് കാലം ശബരിമലയെ കൂടുതല്‍ കലുഷിതമാക്കുമെന്ന സൂചന നല്‍കിയാണ് ഓണ്‍ലൈന്‍ ബുക്കിങ് കണക്കുകള്‍ പുറത്തുവരുന്നത്.