കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം യു.ഡി.എഫ് ശക്തിപ്പെടുത്തും
അടുത്ത യു.ഡി.എഫ് യോഗത്തിന് ശേഷം മന്ത്രിയെ ബഹിഷ്കരിക്കുന്നതടക്കമുള്ള സമരപരിപാടികളിലേക്ക് നീങ്ങാനാണ് മുന്നണിയുടെ നീക്കം.
ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം യു.ഡി.എഫ് ശക്തിപ്പെടുത്തും. അടുത്ത യു.ഡി.എഫ് യോഗത്തിന് ശേഷം മന്ത്രിയെ ബഹിഷ്കരിക്കുന്നതടക്കമുള്ള സമരപരിപാടികളിലേക്ക് നീങ്ങാനാണ് മുന്നണിയുടെ നീക്കം.
ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി മന്ത്രി ബന്ധു കെ.ടി അദീബിനെ നിയമിക്കുന്നതിനായി ജലീല്‍ നേരിട്ട് ഇടപെടല്‍ നടത്തിയെന്ന് രേഖകളുടെ പിന്‍ബലത്തില്‍ യൂത്ത് ലീഗിന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്താനായെന്നാണ് യു.ഡി.എഫ് നേതാക്കളുടെ വിലയിരുത്തല്‍. അതിനാല്‍ അദീബ് രാജി വച്ചെങ്കിലും സമരം കൂടുതല്‍ ശക്തമാക്കിയാല്‍ കെ.ടി ജലീലിനെയും സര്‍ക്കാരിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കാമെന്നാണ് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും കണക്ക് കൂട്ടല്‍. 19 ന് ചേരുന്ന യു.ഡി.എഫ് യോഗം വിഷയം ചര്‍ച്ച ചെയ്യും. തുടര്‍ന്ന് മന്ത്രിയെ ബഷ്കരിക്കുന്നതടക്കമുള്ള വിപുലമായ സമരപരിപാടികള്‍ യു.ഡി.എഫ് നേതൃത്വത്തില്‍ ആവിഷ്കരിക്കും.
27ന് നിയമസഭ തുടങ്ങിയാല്‍ സഭയ്ക്ക് അകത്ത് യു.ഡി.എഫ് ജനപ്രതിനിധികള്‍ വിഷയം ഉയര്‍ത്തും. പുറത്തും ഇതേ ദിവസങ്ങളില്‍ മാര്‍ച്ചുകളടക്കം സംഘടിപ്പിക്കും. നിലവില്‍ ജലീലിന് എതിരായ യൂത്ത് ലീഗ് പ്രതിഷേധം മലബാറില്‍ ശക്തമാണ്. സംസ്ഥാനമാകെ യൂത്ത് കോണ്‍ഗ്രസിനെ കൂടി രംഗത്തിറക്കി സമരം ശക്തിപെടുത്തും. ഇതിനുള്ള നിര്‍ദേശം കെ.പി.സി.സിയും പ്രതിപക്ഷ നേതാവും യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനും നല്‍കി. ഭരണപക്ഷത്ത് നിന്ന് ജലീലിനായി കാര്യമായ പ്രതിരോധം തീര്‍ക്കാന്‍ ആരും രംഗത്ത് വരാത്തതും പ്രതിപക്ഷം ഗൌരവമായി തന്നെ കാണുന്നുണ്ട്.