ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന്
രാവിലെ 11 മണിക്കാണ് യോഗം ചേരുക. ഉച്ചക്ക് മൂന്ന് മണിക്ക് തന്ത്രി കുടുംബവും പന്തളം കൊട്ടാരം പ്രതിനിധികളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന്. രാവിലെ 11 മണിക്കാണ് യോഗം ചേരുക. ഉച്ചക്ക് മൂന്ന് മണിക്ക് തന്ത്രി കുടുംബവും പന്തളം കൊട്ടാരം പ്രതിനിധികളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിക്ക് സ്റ്റേ അനുവദിക്കാത്ത സാഹചര്യത്തിലാണ് മണ്ഡലകാലത്ത് നട തുറക്കുന്നതിന് മുന്‍പ് സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രാവിലെ 11 മണിക്ക് നടക്കുന്ന യോഗത്തില്‍ യു.ഡി.എഫും ബി.ജെ.പിയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും പങ്കെടുക്കും. ഭരണഘടന ബഞ്ചിന്റെ വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് മേലുള്ള ബാധ്യത മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിക്കും. പുനപരിശോധന ഹരജി പരിഗണിക്കുന്നത് വരെ സെപ്തംബര്‍ 28 ലെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യം ഇന്നലെയും സുപ്രിം കോടതി നിരാകരിച്ച കാര്യം മുഖ്യമന്ത്രി വ്യക്തമാക്കും. എന്നാല്‍ പുനപരിശോധന ഹരജി കേള്‍ക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഈ മണ്ഡലകാലത്ത് സ്ത്രീപ്രവേശനത്തെ സര്‍ക്കാര്‍ അനുകൂലിക്കുരുതെന്ന ആവശ്യമായിരിക്കും കോണ്‍ഗ്രസും ബി.ജെ.പിയും മുന്നോട്ട് വയ്ക്കുന്നത്.
ഇതിനോടെല്ലാം മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടാണ് നിര്‍ണ്ണായകം. വൈകിട്ടാണ് തന്ത്രികുടുംബവും പന്തളം കൊട്ടാരം പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച നടക്കുന്നത്. മണ്ഡലകാലത്ത് സ്ത്രീപ്രവേശനം അനുവദിക്കരുതെന്നാവശ്യം ഇരുകൂട്ടരും മുന്നോട്ട് വയ്ക്കും. ഈ രണ്ട് ചര്‍ച്ചകളുടേയും അടിസ്ഥാനത്തിലായിരിക്കും മണ്ഡലകാലത്തെ സ്ത്രീപ്രവേശന വിഷയത്തിലെ നിലപാട് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്.