സീതി സാഹിബിനെതിരായ പാലോളിയുടെ ആരോപണം; പ്രതികരിക്കാതെ മുസ്‍ലിം ലീഗ്
പ്രതികരിക്കണമെന്നാവശ്യം കഴിഞ്ഞ ദിവസം സംസ്ഥാന ഭാരവാഹി യോഗത്തിൽ ഉയർന്നിട്ടും വാർത്താക്കുറിപ്പിൽ നിന്ന് അതൊഴിവാക്കി
കോഴിക്കോട്: പാർട്ടിക്കും സ്ഥാപക നേതാവായ സീതി സാഹിബിനുമെതിരെ പാലോളി മുഹമ്മദ് കുട്ടി ഉയർത്തിയ ഗുരുതര ആരോപണത്തിൽ ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികരിക്കാതെ മുസ്‍ലിം ലീഗ്. സിപിഎം ജില്ലാ സമ്മേളനത്തിനിറക്കിയ സ്മരണികയിലാണ് മുതിർന്ന സിപിഎം നേതാവായ പാലോളി പാകിസ്താൻ വാദത്തിന് ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ആവശ്യം ഉയർന്നത് മലപ്പുറം ജില്ലയിൽ നിന്നാണെന്നും അന്ന് അതിന് നേതൃത്വം കൊടുത്തത് കെ.എം സീതി സാഹിബും സത്താർ സേട്ടുമാണെന്ന് ആരോപിച്ചത്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നപക്ഷം പിന്നീട് ഭരിക്കാൻ പോകുന്നത് ഹിന്ദുക്കളാണെന്നും അവരുടെ ഭരണത്തിൽ മുസ്‍ലിംകൾക്ക് ജീവിക്കാൻ കഴിയില്ലെന്നും സീതി സാഹിബ് മലപ്പുറത്ത് നടന്ന ലീഗ് സമ്മേളനത്തിൽ പറഞ്ഞുവെന്നും പാലോളി പറഞ്ഞിരുന്നു.
പാലോളിയുടെ പരാമർശങ്ങൾക്കെതിരെ വിവിധയിടങ്ങളിൽ നിന്ന് വലിയ പ്രതിഷേധമുണ്ടായിരുന്നു. എന്നാൽ ലീഗ് നേതൃത്വം അതിനോട് ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. അതിനിടയിലാണ് ബുധാനഴ്ച മലപ്പുറം ജില്ലാ മുസ്‍ലിം ലീഗ് ഓഫീസിൽ നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ സീതി സാഹിബിനെ അപമാനിച്ചതും പാർട്ടിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതും ചർച്ചയായത്. ലീഗ് നേതൃത്വം ഔദ്യോഗികമായി മറുപടി നൽകണമെന്നും വിവിധ നേതാക്കൾ ആവശ്യപ്പെട്ടു.തുടർന്ന് വിഷയം ചർച്ചയായതോടെ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുമ്പോൾ ഇക്കാര്യം പരമാർശിക്കാമെന്നും ധാരണയായിരുന്നു.
സാധാരണ ഭാരവാഹി യോഗം കഴിഞ്ഞാൽ നേതാക്കൾ മാധ്യമങ്ങളെ കാണുന്ന പതിവ് മാറ്റിവെച്ച് ഇന്നലെ യോഗതീരുമാനങ്ങൾ വാർത്താക്കുറിപ്പിലൊതുക്കുകയായിരുന്നു ലീഗ് നേതൃത്വം. പുറത്തിറക്കിയ വാർത്താക്കുറിപ്പിലാകട്ടെ പാലോളി ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ ലീഗിന്റെ നിലപാട് ഉൾപ്പെടുത്തിയതുമില്ല. വാർത്താക്കുറിപ്പിൽ ആകെയുണ്ടായിരുന്നത് വയനാട്ടിൽ ലീഗ് നടത്തുന്ന പുനരധിവാസ പദ്ധതികളെ കുറിച്ചുള്ള പരാമർശം മാത്രമായിരുന്നു. മലപ്പുറത്ത് സംസ്ഥാന ഭാരവാഹികളുടെ യോഗം നടത്തിയിട്ടും മലപ്പുറത്തെയും പാർട്ടിയെയും സ്ഥാപകനേതാവിനെയും അധിക്ഷേപിച്ച സിപിഎമ്മിന് മറുപടി നൽകാത്തത് പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
മുസ്‍ലിം ലീഗ് പുറത്തിറക്കിയ വാർത്താക്കുറിപ്പിന്റെ പൂർണരൂപം
വയനാട് പുനരധിവാസ പദ്ധതി നടപടികൾ ത്വരിതപ്പെടുത്തും: മുസ്‌ലിംലീഗ്
മലപ്പുറം: വയനാട് പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികൾ ത്വരിതപ്പെടുത്താൻ മലപ്പുറത്ത് ചേർന്ന മുസ്‌ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെയും വയനാട് ഉപസമിതി അംഗങ്ങളുടെയും സംയുക്ത യോഗം തീരുമാനിച്ചു. കാലവിളംബം കൂടാതെ ഭവന നിർമ്മാണം ആരംഭിക്കും. സർക്കാർ ടൗൺഷിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിന്റെ പ്രായോഗികത വിലയിരുത്താൻ പാർട്ടി തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഗവൺമെന്റുമായി ചർച്ച നടത്താനും അതിന് ശേഷം ഉചിതമായ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.വയനാട് ഉരുൾപൊട്ടലിന്റെ ആഘാതം അനുഭവിച്ചവർ മാസങ്ങളായി ദുരിതത്തിലാണ്. നേരത്തെ ദുരിതാശ്വാസ ക്യാമ്പുകളിലും ഇപ്പോൾ വാടക വീടുകളിലും താമസിക്കുന്നവരുടെ പുനരധിവാസം ഉറപ്പാക്കേണ്ടത് സാമൂഹിക ബാധ്യതയാണ്. ഇതുസംബന്ധമായി നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ മുസ്‌ലിംലീഗ് പ്രതിജ്ഞാബദ്ധമാണെന്നും യോഗം വ്യക്തമാക്കി.
ആദിവാസികളുടെയും മലയോര നിവാസികളുടെയും അവകാശങ്ങൾ ഇല്ലാതാക്കുകയും അവരെ വനംവകുപ്പിന്റെ അടിമകളാക്കി മാറ്റുകയും ചെയ്യുന്ന വനം നിയമഭേദഗതി ജനവിരുദ്ധമാണെന്നും യോഗം വിലയിരുത്തി. സർക്കാർ ഈ നീക്കത്തിൽനിന്ന് പിന്തിരിയാത്ത പക്ഷം സമര പരിപാടികൾ ആലോചിക്കാനും തീരുമാനിച്ചു. പ്രളയദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി നിലമ്പൂരിൽ നിർമ്മിച്ച 10 വീടുകളുടെ താക്കോൽദാന പരിപാടി ഈ മാസം 29ന് നടത്താനും തീരുമാനിച്ചു. രാവിലെ 11 മണിക്ക് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ താക്കോൽദാനം നിർവ്വഹിക്കും. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് നിയമസഭാ പാർട്ടി സെക്രട്ടറി കെ.പി.എ മജീദ് പ്രസംഗിച്ചു.
പാലോളി മുഹമ്മദ് കുട്ടിയുടെ വിവാദ അഭിമുഖത്തിൽ നിന്ന്
‘പാകിസ്താൻ വാദം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉയർന്നത് മലപ്പുറം ജില്ലയിൽ നിന്ന്’ -പാലോളി മുഹമ്മദ് കുട്ടി
കോഴിക്കോട്: സ്വാതന്ത്ര്യത്തിന് മുമ്പ് മുസ്‍ലിംലീഗ് മുന്നോട്ട് വെച്ചത് പാകിസ്താൻ വാദത്തിന് ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഈ ആവശ്യം ഉയർന്നത് മലപ്പുറം ജില്ലയിൽ നിന്നാണെന്ന് സിപിഎം നേതാവും മുൻമന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടി. മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ ‘മതേതര മലപ്പുറം മുന്നോട്ട്’ എന്ന മാഗസിനിലെ ‘സൗമ്യദീപ്തം പാലോളി ജീവിതം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ഇന്റർവ്യൂവിലാണ് വിവാദ പരാമർശമുള്ളത്.മുസ്‍ലിംലീഗിന് വലിയ അപ്രമാദിത്തം വരാനുണ്ടായ കാരണമെന്താണെന്ന ചോദ്യത്തിനാണ് പാലോളി മറുപടി നൽകിയിരിക്കുന്നതിങ്ങനെയാണ്. - ‘മുസ്‍ലിംലീഗ് മുന്നോട്ട് വെച്ചത് പാകിസ്താൻ വാദമായിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഈ ആവശ്യം ഉന്നയിച്ചത് മലപ്പുറം ജില്ലയിൽ നിന്നുമായിരുന്നു. അന്ന് മുസ്‍ലിം സമുദായത്തിലുള്ള പ്രമാണിമാരായ ആളുകൾ ബ്രിട്ടീഷ് അനുകൂലികളായിരുന്നു. അതുകൊണ്ടുതന്നെ അവർ ഉന്നയിച്ച പാക്കിസ്താൻ വാദത്തിന് അനുകൂലമായ നിലപാട് ബ്രിട്ടീഷുകാരിൽ നിന്നും ലഭിച്ചു.
അന്ന് മലബാറിലെ മുസ്‍ലിംലീഗ് പ്രവർത്തനത്തിന് നേതൃത്വം കൊടുത്തിരുന്നത് കെ.എം സീതി സാഹിബ്, സത്താർ സേട്ടു എന്നിവരായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നപക്ഷം പിന്നീട് ഭരിക്കാൻ പോകുന്നത് ഹിന്ദുക്കളാണെന്നും അവരുടെ ഭരണത്തിൽ മുസ്‍ലിംകൾക്ക് ജീവിക്കാൻ കഴിയില്ല എന്നായിരുന്നു സീതി സാഹിബ് മലപ്പുറത്ത് നടന്ന മുസ്‍ലിം ലീഗിന്റെ സമ്മേളനത്തിൽ പറഞ്ഞത്. മുസ്‍ലിംകൾ ഇടത്തോട്ട് മുണ്ടുടുക്കുന്നവരാണ്. ഹിന്ദുക്കൾ ആണെങ്കിൽ വലത്തോട്ടും. മുസ്‍ലിംൾക്ക് ചാണകം നജസാണ് ഹിന്ദുക്കൾക്ക് പുണ്യവും. ഇങ്ങനെ വൈരുദ്ധ്യമുള്ളവർ എങ്ങനെ ഒരുമിച്ച് ഭരണം നടത്തുമെന്ന ചോദ്യമായിരുന്നു സീതി സാഹിബിന് ഉണ്ടായിരുന്നത്. അതുകൊണ്ട് പാക്കിസ്താൻ കിട്ടിയേ തീരു എന്നായിരുന്നു ലീഗിന്റെ ആവശ്യം.’
ഇതിന് എതിർ ശബ്ദമൊന്നും ഉണ്ടായില്ലേ ? എന്ന ചോദ്യത്തിന് നൽകിയ മറുപടിയിങ്ങനെയാണ്- ‘ഉണ്ട്. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ പ്രസംഗം അക്കാലത്ത് കോട്ടപ്പടിയിൽ നടന്നിട്ടുണ്ട്. ഹിന്ദു-മുസ്‍ലിം ഐക്യമാണ് മുസ്‍ലിംകൾക്ക് നല്ലതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. വിഭജിക്കപ്പെട്ട ഇന്ത്യയിൽ മുസ്‍ലിംകൾ ജീവിക്കുമ്പോൾ ഈ മഹത്തായ രാജ്യത്തെ ഒറ്റിക്കൊടുത്തവർ എന്ന മട്ടിലാണ് മറ്റുള്ളവർ കാണുകയെന്നും അത് ഏതുകാലത്തും മുസ്‍ലിംകൾക്ക് എതിരെയുള്ള വികാരം ആളിക്കത്തിക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുമെന്നായിരുന്നു അബ്ദുറഹിമാൻ സാഹിബ് പറഞ്ഞത്.’
താൻ പാർട്ടിയിലേക്ക് വന്നത് കമ്യൂണിസ്റ്റ് പാർട്ടി നയങ്ങളും നിലപാടും തിരിച്ചറിഞ്ഞിട്ടല്ലെന്നും 1946 ൽ കോട്ടപ്പടി മൈതാനിയിൽ നടന്ന പൊതുയോഗമാണ് പാർട്ടിപ്രവർത്തനത്തിലേക്ക് ആകർഷിച്ചതെന്നും മുൻ ജില്ലാസെക്രട്ടറികൂടിയായ പാലോളി വ്യക്തമാക്കുന്നു.അക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളായിട്ട് ഒരു പഞ്ചായത്തിൽ നാലോ അഞ്ചോ പേർ മാത്രമെ ഉണ്ടായിരുന്നുള്ളു.ജില്ലയിൽ നാലോ അഞ്ചോ സ്ഥലങ്ങളിൽ മാത്രമാണ് പാർട്ടി അംഗങ്ങൾ ഉണ്ടായിരുന്നത്. 1948 ൽ പാർട്ടി നിരോധിച്ചതിനെ തുടർന്ന് കൊടിയ മർദ്ദനത്തിന് പാർട്ടിപ്രവർത്തകർ വിധേയരായെന്നും പാലോളി അഭിമുഖത്തിൽ പറഞ്ഞു.