അന്വേഷി, ഐസ്ക്രീം പാര്‍ലര്‍ കേസ്, കോയമ്പത്തൂര്‍ സ്ഫോടന കേസ്- അജിത പറയുന്നു

“ഐസ്ക്രീം കേസില്‍ ഇടപെട്ടതിനാല്‍ കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ പ്രതിയാക്കാന്‍ വരെ ശ്രമിച്ചു”- അന്വേഷിയുടെ 25 വര്‍ഷത്തെ പോരാട്ടങ്ങളെ കുറിച്ച്, വ്യക്തിപരമായി നേരിടേണ്ടിവന്ന ആക്രമണങ്ങളെ കുറിച്ച് കെ.അജിത..

Update: 2018-11-21 18:14 GMT
Advertising

എങ്ങനെയായിരുന്നു അന്വേഷിയുടെ തുടക്കം?

1993 നവംബര്‍ 17നാണ് ‘അന്വേഷി’ എന്ന സംഘടന രജിസ്റ്റര്‍ ചെയ്തത്. അതാണ് ഞങ്ങള്‍ അന്വേഷിയുടെ ജനന തിയ്യതിയായി കണക്കാക്കുന്നത്. അന്വേഷിക്ക് ഒരു മുന്‍ഗാമിയുണ്ടായിരുന്നു, ‘ബോധന’. 1987ലാണ് ബോധന എന്ന ചെറിയ കൂട്ടായ്മ കോഴിക്കോട് രൂപീകൃതമായത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ നിന്ന് തന്നെയുള്ള കുറച്ച് സ്ത്രീകളാണ് ബോധനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചത്. ബോധനയെന്ന മുന്‍ഗാമിയുടെ പ്രവര്‍ത്തനങ്ങളാണ് അന്വേഷി പിന്നീട് ഏറ്റെടുത്തത്. ബോധന വളരെ റാഡിക്കലായ നിലപാടെടുത്ത സംഘടനയാണ്. ഒന്നാമത് അക്കാലത്ത് സ്ത്രീകള്‍ക്കൊരു പ്രശ്നമുണ്ടെന്നോ സ്ത്രീകള്‍ പീഡനങ്ങള്‍ നേരിടുന്നുണ്ടെന്നോ സമൂഹം അംഗീകരിച്ചിരുന്നതേയില്ല. ഭര്‍ത്താവ് തല്ലുന്നു, ഭാര്യ കൊള്ളുന്നു, സ്ത്രീകള്‍ കുട്ടികളെ നോക്കുന്നു, ഭര്‍ത്താവ് പുറത്തുപോയി വീടിന് ആവശ്യമായ സാമ്പത്തികമുണ്ടാക്കുന്നു- ഇതായിരുന്നു മിക്ക വീടുകളിലെയും അവസ്ഥ. ഭര്‍ത്താവ് ഭാര്യയെ തല്ലുന്ന സംഭവത്തില്‍ പുറത്തുനിന്ന് ആരെങ്കിലും ഇടപെട്ടാല്‍ ഞങ്ങളുടെ വീട്ടിലെ കാര്യത്തില്‍ നിങ്ങള്‍ക്കെന്ത് കാര്യം എന്ന മറുപടിയായിരുന്നു ലഭിക്കുക. ഒരു കത്തിക്കുത്ത് കേസില്‍ ഇടപെടാന്‍ പോയപ്പോള്‍ എന്തിനാ ഭര്‍ത്താവ് കുത്തിയെ എന്ന് ചോദിച്ചപ്പോള്‍ എന്റെ ഭര്‍ത്താവ് എന്നെ കുത്തിയാല്‍ നിങ്ങക്കെന്താ എന്ന മറുപടി കിട്ടിയിട്ടുണ്ട്. കുടുംബബന്ധങ്ങളിലെ അസമത്വത്തെ ചോദ്യംചെയ്യുക എന്നത് പൊതുവെ അന്നത്തെ സമൂഹം അംഗീകരിച്ചിരുന്നില്ല. ആ ഒരു സമൂഹത്തിലാണ് ഞങ്ങള്‍ ഒരു ചെറിയ ഗ്രൂപ്പ് സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ ഒരു രാഷ്ട്രീയ പ്രശ്നമാണ്, ഒരു സാമൂഹ്യപ്രശ്നമാണ്, ഒരു പൊതുപ്രശ്നമാണ് എന്നു പറഞ്ഞുകൊണ്ട് രംഗത്തിറങ്ങിയത്.

എന്തായിരുന്നു ആളുകളുടെ പ്രതികരണം?

ആദ്യമൊന്നും സമൂഹം സ്ത്രീകളുടെ പ്രശ്നങ്ങളെ അംഗീകരിച്ചിരുന്നില്ല. എന്റെ പഴയ പശ്ചാത്തലം കാരണം ഞാന്‍ ചെല്ലുമ്പോള്‍ ആളുകള്‍ക്ക് കുറച്ച് ബഹുമാനമൊക്കെ ഉണ്ടായിരുന്നു. എന്തെങ്കിലും പ്രശ്നം ശ്രദ്ധയില്‍പ്പെടുമ്പോള്‍ പ്രാദേശികമായ സംഘടനകളെയൊക്കെ ഞങ്ങള്‍ ബന്ധപ്പെടുമായിരുന്നു. അവരവിടെ ആക്ഷന്‍ കമ്മറ്റി ഉണ്ടാക്കാന്‍ തയ്യാറായില്ലെങ്കില്‍ ഞങ്ങളവിടെ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് പൊതുയോഗം നടത്തും. ഏറ്റെടുത്തതെല്ലാം വിജയിച്ചോ എന്ന് ചോദിച്ചാല്‍ പരാജയമോ വിജയമോ അല്ല പ്രശ്നം. പുരുഷാധിപത്യം എന്ന വ്യവസ്ഥിതിയെ തുറന്നുകാണിക്കാന്‍ ഞങ്ങള്‍ ചങ്കൂറ്റം കാണിച്ചു എന്നുള്ളതാണ്. സ്ത്രീധനം, അമിതമായ മദ്യപാനത്തെ തുടര്‍ന്നുള്ള പീഡനങ്ങള്‍ എന്നിവയൊക്കെ തുറന്നുകാണിക്കുമ്പോള്‍ ഞങ്ങള്‍ കുടുംബബന്ധങ്ങള്‍ തകര്‍ക്കുന്നവരാണ് എന്നായിരുന്നു ആരോപണം. ബോധന മൂന്ന് വര്‍ഷമാണ് പ്രവര്‍ത്തിച്ചത്. 1990 ഡിസംബര്‍ 28 മുതല്‍ 31 വരെ കോഴിക്കോട് ദേവഗിരി കോളജില്‍ ദേശീയ സ്ത്രീവിമോചന സമ്മേളനം ബോധന മുന്‍കൈ എടുത്തു നടന്നു. സാറ ടീച്ചറുടെ മാനുഷി ഉള്‍പ്പെടെയുള്ള സ്ത്രീ സംഘടനകള്‍ ചേര്‍ന്ന് ഒരു കോര്‍ഡിനേഷന്‍ കമ്മറ്റി രൂപീകരിച്ചു.

എന്തെല്ലാം പ്രശ്നങ്ങളിലാണ് അക്കാലത്ത് ഇടപെട്ടിരുന്നത്?

വേശ്യാവൃത്തിയില്‍ ജീവിക്കേണ്ടി വന്ന കുഞ്ഞീബി പൊലീസ് സ്റ്റേഷനില്‍ കൊല്ലപ്പെട്ട സംഭവം (കൊല ചെയ്തു എന്ന് തന്നെയേ ഞാനിപ്പോഴും പറയൂ. റെക്കോര്‍ഡില്‍ വേറെയായിരിക്കും. തെളിവുകള്‍ മുക്കാന്‍ കഴിവുള്ള ആള്‍ക്കാരല്ലേ അപ്പുറത്തുള്ളത്?), മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് സമരം (പുറത്തിറങ്ങി സമരം ചെയ്യാന്‍ സ്ത്രീകളെ പാകപ്പെടുത്തി) എന്നിങ്ങനെ നിരവധി പ്രശ്നങ്ങള്‍ ബോധന ഏറ്റെടുത്തിരുന്നു. ഒപ്പം ഗാര്‍ഹിക പ്രശ്നങ്ങളും ഏറ്റെടുത്തു. ഗാര്‍ഹിക പീഡനങ്ങളെ കുറിച്ച് പത്രങ്ങളിലൂടെയും മറ്റും അറിയുമ്പോള്‍ ആ പ്രദേശങ്ങളിലെത്തി ഇടപെടുകയായിരുന്നു. അല്ലാതെ ആരെങ്കിലും അറിയിക്കുന്നതുവരെ കാത്തിരിക്കുകയൊന്നുമായിരുന്നില്ല. ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ബോധന പിരിയേണ്ടിവന്നു. തുടര്‍ന്നാണ് അന്വേഷി രൂപീകരിക്കുന്നത്. സ്ത്രീകള്‍ ഓരോ പ്രശ്നങ്ങളുമായി സമീപിക്കുമ്പോള്‍ ഞാന്‍ അജിതയാണ് എന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനില്‍ വിളിച്ചാല്‍ ആരും പരിഗണിക്കില്ല. കാരണം ഞാനൊരു രാഷ്ട്രീയ നേതാവോ എം.എല്‍.എയോ ഒന്നുമല്ലല്ലോ. പിന്നെ ഞാന്‍ വിളിച്ചുപറയുന്നതില്‍ എന്താ വിലയുള്ളത്? അങ്ങനെയാണ് സ്ത്രീപ്രശ്നങ്ങളില്‍ ഇടപെടാന്‍ സംഘടന വേണമെന്ന് ബോധ്യപ്പെട്ടത്. അന്ന് രൂപീകരിച്ച അന്വേഷിക്ക് 25 വയസ്സായി.

അന്വേഷി ഇടപെട്ട ഐസ്ക്രീം പാര്‍ലര്‍ കേസിന് എന്താണ് സംഭവിച്ചത്?

പൊതുവെ എല്ലാവരും ചോദിക്കും നിങ്ങള്‍ കുഞ്ഞാലിക്കുട്ടിക്ക് എതിരെയല്ലേയെന്ന്. എന്നാല്‍ അങ്ങനെയല്ല. ഞങ്ങള്‍ക്കൊരു വിവരം ലഭിക്കുന്നു, സമൂഹത്തിലെ പ്രമുഖരായ പല രാഷ്ട്രീയ നേതാക്കളും ഇത്തരത്തിലൊരു സെക്സ് റാക്കറ്റില്‍ പങ്കാളികളാണെന്ന്. ടെലിഫോണ്‍ ബൂത്തുകള്‍, ബ്യൂട്ടി പാര്‍ലര്‍ എന്നിവ വഴി കൊച്ചുപെണ്‍കുട്ടികളെ അതിലേക്ക് വലിച്ചിഴക്കുന്നുവെന്ന്. ശ്രീദേവിയുടെ നേതൃത്വത്തിലുള്ള കോഴിക്കോട്ട് ബീച്ചിന് സമീപത്തെ ഐസ്ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ചാണ് ഈ സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതെന്നും വിവരം ലഭിച്ചു. ലഭിച്ച വിവരം ശരിയാണോയെന്ന് ഞങ്ങളുടെ പ്രവര്‍ത്തകര്‍ വഴി അന്വേഷിക്കാന്‍ തീരുമാനിച്ചു. അതിനുമുന്‍പ് ആ വിവരം ഞങ്ങള്‍ ഉടന്‍ തന്നെ അന്ന് കോഴിക്കോട് കമ്മീഷണറായിരുന്ന നീരാ റാവത്തിനെ നേരിട്ടുപോയി അറിയിച്ചു. താനുള്ളിടത്തോളം ഇങ്ങനെയൊരു റാക്കറ്റ് ഇവിടെ പ്രവര്‍ത്തിക്കാന്‍ സമ്മതിക്കില്ലെന്ന് നീരാ റാവത്ത് ഉറപ്പുതന്നു. അങ്ങനെ രണ്ട് മാസം കഴിഞ്ഞപ്പോള്‍ ശ്രീദേവിക്ക് മനസ്സിലാകാന്‍ തുടങ്ങി ഞങ്ങള്‍ പുറകെയുണ്ടെന്ന്. ശ്രീദേവി പരസ്യമായി വെല്ലുവിളിക്കാന്‍ തുടങ്ങി. അപ്പോള്‍പിന്നെ ഞങ്ങള്‍ക്ക് തോന്നി ആരുമറിയാതെ ഈ പ്രശ്നം കൈകാര്യം ചെയ്താല്‍ ഞങ്ങളെ കൊന്നാല്‍ പോലും എന്താണ് സംഭവിച്ചതെന്ന് ജനം അറിയില്ല. അതുകൊണ്ട് പരസ്യമാക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് മുഖ്യമന്ത്രി നായനാര്‍ക്ക് മെമ്മോറാണ്ടം കൊടുത്തത്. അങ്ങനെയാണ് കേസ് തുടങ്ങുന്നത്. എഫ്.ഐ.ആറിട്ട് അന്വേഷണം തുടങ്ങി. നീരാ റാവത്താണ് തുടക്കത്തില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ ടി.പി ദാസനെയും രാജഗോപാലിനെയും അറസ്റ്റ് ചെയ്തു. അതിന് മുന്‍പ് തന്നെ ഇരകളായ പെണ്‍കുട്ടികളുടെ മൊഴി പൊലീസ് എടുത്തിരുന്നു.

കേസ് കുഞ്ഞാലിക്കുട്ടിയിലേക്ക് വരുന്നത്.. അന്നത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കല്ലട സുകുമാരന്‍ അന്നൊരു റിപ്പോര്‍ട്ട് കൊടുത്തിരുന്നു സര്‍ക്കാരിന്. ഐസ്ക്രീം പാര്‍ലര്‍ കേസ് അന്വേഷണത്തില്‍ ചില വീഴ്ചകളുണ്ടായിട്ടുണ്ട്, അഞ്ച് പേരെ കൂടി പ്രതി ചേര്‍ക്കണം. അഞ്ചില്‍ ആദ്യം വന്നത് കുഞ്ഞാലിക്കുട്ടിയുടെ പേരാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെ അഞ്ച് പെണ്‍കുട്ടികളുടെ മൊഴിയുണ്ട്. പിന്നെ അയാളുടെ ഡ്രൈവര്‍ അരവിന്ദന്‍, ബൈജുനാഥ് എന്ന അഭിഭാഷകന്‍, പിന്നെ ഒരു കസ്റ്റംസ് ഓഫീസര്‍. അഞ്ചാമത്തെ പേര് ഓര്‍മ കിട്ടുന്നില്ല. എന്തായാലും നാല് പേരെ അറസ്റ്റ് ചെയ്തപ്പോഴും കുഞ്ഞാലിക്കുട്ടിയെ അറസ്റ്റ് ചെയ്തില്ല. ഒരിക്കലും കുഞ്ഞാലിക്കുട്ടി പ്രതി ചേര്‍ക്കപ്പെട്ടില്ല എന്നതാണ് ഐസ്ക്രീം കേസിന്റെ ഏറ്റവും ഭീകരമായ ചരിത്രം. സുപ്രീംകോടതി ഇടപെട്ടിട്ട് പോലും എന്തുകൊണ്ട് നടന്നില്ല എന്നത് ചരിത്രം പഠിക്കേണ്ട പാഠമാണ്.

പെണ്‍കുട്ടികളുടെ മൊഴിമാറ്റമാണോ കേസിനെ ദുര്‍ബലപ്പെടുത്തിയത്?

അന്നൊന്നും സെക്സ് റാക്കറ്റില്‍ അകപ്പെടുന്ന പെണ്‍കുട്ടികളെ പുനരധിവസിപ്പിക്കാന്‍ വഴിയില്ല. അന്വേഷി പോലുള്ള ചെറിയ സംഘടനയ്ക്ക് എന്ത് ചെയ്യാനാവും? ഇന്ന് നിര്‍ഭയ ഹോമുകളൊക്കെയുണ്ട്. കയ്യും കാലും തല്ലിയൊടിക്കും, നിങ്ങളെ കൊല്ലും, വീട്ടുകാരെ കൊല്ലും എന്നൊക്കെ അവരെ ഭീഷണിപ്പെടുത്തിയാല്‍ പിന്നെ എന്ത് ചെയ്യും? ഇങ്ങനെയൊന്നും ചെയ്യേണ്ടെങ്കില്‍ പണം വാങ്ങി പിന്‍വാങ്ങിക്കോ എന്ന് പറയുമ്പോള്‍ അവര്‍ പണത്തിന് വഴങ്ങി മൊഴി മാറ്റി. ഒരിക്കലും ആ കുട്ടികളെ ഞങ്ങള്‍ കുറ്റം പറയില്ല. പിറകില്‍ നടന്നതെന്തെന്ന് റൗഫ് വെളിപ്പെടുത്തിയിട്ടുണ്ടല്ലോ. റൗഫ് ഇപ്പോള്‍ പറയുമോ എന്നറിയില്ല. പണം, അധികാരം, രാഷ്ട്രീയ നേതാക്കള്‍ എല്ലാം ഇതില്‍ കളിച്ചിട്ടുണ്ട്. കോടികളാണ് ഒഴുക്കിയത്. കോടികള്‍ ഒഴുക്കിയത് പ്രധാനമായും കുഞ്ഞാലിക്കുട്ടി തന്നെയാണെന്നാണ് ഞാന്‍ മനസ്സിലാക്കിയത്.

സ്ത്രീപീഡന കേസുകളിലെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാത്ത സാഹചര്യമുണ്ടോ?

ഐസ്ക്രീം പാര്‍ലര്‍ കേസിന്റെ ചരിത്രം ഇങ്ങനെയായതോടെ മറ്റൊരു കേസ് ഏറ്റെടുക്കാന്‍ കഴിയാത്ത വിധം നിരാശയുണ്ടായി. എന്തുചെയ്തിട്ടും കാര്യമില്ലെന്ന അവസ്ഥ. ആദ്യ ഘട്ടത്തില്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യപ്പെട്ട സൂര്യനെല്ലി പോലുള്ള കേസുകളിലൊക്കെ എന്താണ് സംഭവിച്ചത്? അവസാനം പെണ്‍കുട്ടിയാണല്ലോ കുറ്റവാളിയായത്. തെളിവില്ലാഞ്ഞിട്ടല്ല.

‘സ്ത്രീവേദി’ എന്നൊരു കൂട്ടായ്മയുണ്ട്. നാല്‍പതിലധികം സ്വതന്ത്ര സ്ത്രീവിമോചന സംഘടനകളുടെ കൂട്ടായ്മ. പൊതുപ്രശ്നങ്ങളില്‍ ഒന്നിച്ച് ഇടപെടുകയായിരുന്നു കൂട്ടായ്മയുടെ ലക്ഷ്യം. ഐസ്ക്രീ പാര്‍ലര്‍, സൂര്യനെല്ലി, കവിയൂര്‍ കേസുകളൊക്കെ സ്ത്രീവേദി ഏറ്റെടുത്തിട്ടുണ്ട്. ലൈംഗിക പീഡകരെന്ന് ആരോപിക്കപ്പെടുന്ന രാഷ്ട്രീയ നേതാക്കളെ സ്ഥാനാര്‍ഥികളാക്കരുതെന്ന നിര്‍ദേശം സ്ത്രീവേദി രണ്ട് മുന്നണികള്‍ക്കും മുന്നില്‍വെച്ചു. എന്നിട്ടും കുഞ്ഞാലിക്കുട്ടി, നീലലോഹിതദാസന്‍ നാടാര്‍, പി.ജെ കുര്യന്‍ എന്നിവരൊക്കെ സ്ഥാനാര്‍ഥികളായി. ഈ മൂന്ന് നേതാക്കളുടെയും മണ്ഡലങ്ങളില്‍ ഞങ്ങള്‍ കാമ്പെയിന്‍ നടത്തി. മറ്റ് മണ്ഡലങ്ങളിലുണ്ടാകാത്ത ആക്രമണങ്ങളാണ് കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലങ്ങളായ കുറ്റിപ്പുറത്തും വേങ്ങരയിലും കാമ്പെയിന്‍ ചെയ്തപ്പോഴുണ്ടായത്. ജീവന്‍ പോകുന്ന തരത്തിലുള്ള ആക്രമണങ്ങളും തെറിപ്പാട്ടുകളും‍.

ഐസ്ക്രീം കേസില്‍ ഇടപെട്ടതുകൊണ്ട് വ്യക്തിപരമായി നേരിടേണ്ട വന്ന പ്രശ്നങ്ങള്‍?

മൂന്ന് ആയുധങ്ങളാണ് അവര്‍ ഉപയോഗിച്ചത്. പണം വാഗ്ദാനം ചെയ്യലാണ് ഒന്നാമത്തേത്. ഒരു കോടി വരെ എനിക്ക് ഓഫര്‍ ചെയ്തിട്ടുണ്ട് ഏജന്റുമാര്‍ വഴി. അപ്പോള്‍ ഞാന്‍ പറഞ്ഞു ഓഫര്‍ ചെയ്യുന്നയാള്‍ മുന്നോട്ടുവരട്ടെയെന്ന്. പിന്നെ വക്കീലിനെ സ്വാധീനിക്കാന്‍ ശ്രമിച്ചു. പണത്തിന് ഞാന്‍ വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ രണ്ടാമതായി ഭീഷണികളായി. അന്വേഷിയുടെ ഓഫീസില്‍ തെറിക്കത്തുകളും ഭീഷണിക്കത്തുകളും വരുമായിരുന്നു. മോളെ വഴിയിലിട്ട് കൊല്ലും, 24 മണിക്കൂറില്‍ കൂടുതല്‍ ജീവിക്കില്ല എന്നൊക്കെയുള്ള ഭീഷണികള്‍ നിരന്തരമുണ്ടായി. മൂന്നാമത്തേത് അപവാദപ്രചരണമാണ്. കോടതി വരാന്തയില്‍ വെച്ച് ശ്രീദേവി അപകീര്‍ത്തിപ്പെടുത്തുന്ന നോട്ടീസ് വിതരണം ചെയ്യുകയുണ്ടായി. ലക്ഷക്കണക്കിന് നോട്ടീസുകള്‍ എനിക്കെതിരെ ബസ് സ്റ്റാന്‍ഡിലും റെയില്‍വെ സ്റ്റേഷനിലുമൊക്കെ വിതരണം ചെയ്തു.

ഇതോടൊപ്പം കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ എന്നെ ഉള്‍പ്പെടുത്താന്‍ നോക്കി. എന്നെ അറസ്റ്റ് ചെയ്യണമെന്ന് തീരുമാനിച്ച് തന്നെയാണ് കസബ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. എന്നെയും അംബുജം സുരാസുവെന്ന അംബുവേടത്തിയെയും. മഅ്ദനിയെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യംചെയ്യല്‍. എന്താണ് മഅ്ദനിയുമായി സംസാരിച്ചതെന്നത് കൃത്യമായി അവരോട് പറഞ്ഞു. ആദ്യം ഞങ്ങള്‍ നാല് പേരാണ് മഅ്ദനിയെ കാണാന്‍ പോയത്. സെക്സ് റാക്കറ്റ് വിരുദ്ധ ആക്ഷന്‍ കമ്മറ്റിയിലെ മെമ്പറായിരുന്ന ഒരു പി.ഡി.പി അംഗം നിര്‍ബന്ധിച്ചിട്ടാണ് ഞങ്ങള്‍ പോയത്, കാലിക്കറ്റ് ടവറില്‍. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ കേരളം മുഴുവന്‍ കാമ്പെയിന്‍ ചെയ്യാമെന്ന് മഅ്ദനി ഞങ്ങളോട് പറഞ്ഞു. നിങ്ങള്‍ക്കെന്താ പറയാനുള്ളത് എന്നറിയാനായാണ് വന്നതെന്നും കമ്മറ്റിയില്‍ ആലോചിക്കാതെ ഒന്നും പറയാനാവില്ലെന്നും പറഞ്ഞ് ഞങ്ങള്‍ മടങ്ങി. അടുത്ത ദിവസം കമ്മറ്റി കൂടിയപ്പോള്‍ വന്ന പൊതുതീരുമാനം പി.ഡി.പിയെ ആശ്രയിച്ച് ഒരു കാമ്പെയിന്‍ വേണ്ട എന്നായിരുന്നു. നമുക്ക് തന്നെ ചെയ്യാന്‍ പറ്റുന്നത് ചെയ്യാം എന്ന് തീരുമാനിച്ചു. ഈ തീരുമാനം മഅ്ദനിയെ അറിയിക്കാന്‍ മറ്റൊരു ദിവസം കൂടി ഞങ്ങള്‍ പോയി. 10 മിനിട്ടേ അവിടെയിരുന്നുള്ളൂ. കാര്യം പറഞ്ഞിട്ട് ഞങ്ങള്‍ പോന്നു. ഈ രണ്ട് കൂടിക്കാഴ്ചകളുടെ സമയത്താണ് കോയമ്പത്തൂര്‍ സ്ഫോടനമുണ്ടായത്. രണ്ടാമത്തെ തവണ കാണാന്‍ പോകുമ്പോഴൊന്നും ഇയാള്‍ പ്രതിയാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഇതാണ് ഉണ്ടായതെന്ന് ഞങ്ങള്‍ പൊലീസിനോട് പറഞ്ഞു. എന്നെയും അംബുവേടത്തിയെയും വേറെവേറെയാണ് ചോദ്യംചെയ്തത്. രണ്ട് പേരും ഒരേ കാര്യം തന്നെയാണ് പറഞ്ഞത്. ഞങ്ങള്‍ക്കെതിരെ ഒരു തെളിവുമുണ്ടായിരുന്നില്ല, ഞങ്ങളൊന്നും ചെയ്തിട്ടുമില്ല. തെളിവില്ലാതെ അറസ്റ്റ് ചെയ്യില്ലെന്ന് നീരാ റാവത്ത് നിലപാടെടുത്തു. അല്ലെങ്കില്‍ അന്വേഷിയുമുണ്ടാവില്ല, ഞാനുമുണ്ടാവില്ല. ഇപ്പോള്‍ ഞാനില്ലെങ്കിലും അന്വേഷിയുടെ പ്രവര്‍ത്തനം നടക്കും. അന്ന് അതല്ലല്ലോ അവസ്ഥ.

2006ല്‍ ഐസ്ക്രീം കേസ് തള്ളി. കേസ് അട്ടിമറിക്കാന്‍ കുഞ്ഞാലിക്കുട്ടി ഗൂഢാലോചന നടത്തിയെന്ന് 2011ല്‍ റൗഫ് വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലം എന്താണെന്നാണ് മനസ്സിലാക്കുന്നത്?

എന്തൊക്കെയോ ഡീല്‍സ് കുഞ്ഞാലിക്കുട്ടിയും റൗഫും തമ്മിലുമുണ്ടായിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ തിരിച്ചും ചില കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടാവും. അവര്‍ തമ്മിലുള്ള കരാറായിരിക്കുമത്. അത് കുഞ്ഞാലിക്കുട്ടി തെറ്റിച്ചിട്ടുണ്ടാവും. സാമ്പത്തികമോ വ്യക്തിപരമോ ഒക്കെയായിട്ടുള്ള താല്‍പര്യങ്ങളുണ്ടാകാം. ഈ കേസില്‍ രാഷ്ട്രീയ നേതാക്കളില്‍ ഞങ്ങളെ പിന്തുണച്ചത് സഖാവ് വി.എസ് അച്യുതാനന്ദന്‍ മാത്രമാണ്. കേസ് ഇപ്പോഴും എന്തൊക്കെയോ ഉണ്ട്. എനിക്കറിയില്ല. എന്തായാലും വളരെ തിക്തമായ അനുഭവം‍. ചരിത്ര വിദ്യാര്‍ഥീ വിദ്യാര്‍ഥിനികള്‍ക്ക് പഠിക്കാവുന്ന സംഭവമാണ് ഐസ്ക്രീം പാര്‍ലര്‍ കേസ്.

അന്വേഷിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്?

ഗാര്‍ഹിക പീഡന പ്രശ്നങ്ങള്‍, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നിവയിലൊക്കെ നിരന്തരം അന്വേഷി ഇടപെടുന്നു. അതുപോലെ നിയമസഹായം, കൗൺസലിങ്, സ്ത്രീകള്‍ക്ക് സൗജന്യമായി ഷോര്‍ട്ട് സ്റ്റേ ഹോം എന്നിവയെല്ലാം അന്വേഷി ഉറപ്പാക്കുന്നുണ്ട്. ഒരു പ്രശ്നവുമായി ഞങ്ങളെ സമീപിക്കുന്ന സ്ത്രീകള്‍ക്ക് ആ പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ തങ്ങാനുള്ള ഇടമാണ് നല്‍കുന്നത്. ആത്മവിശ്വാസം വീണ്ടെടുത്ത് സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് ജീവിക്കാനുള്ള അവസരമാണ് സ്ത്രീക്ക് ലഭിക്കുന്നത്. സ്ത്രീശാക്തീകരണ പ്രക്രിയയില്‍ ഇത് വളരെ ഗുണം ചെയ്യുന്നുണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം കാമ്പെയിന്‍ ചെയ്യുന്നുണ്ട്. നിയമബോധവല്‍ക്കരണ ക്ലാസ്സുകള്‍, കൌമാരക്കാര്‍ക്കായുള്ള ക്ലാസ്സുകള്‍ എന്നിവയൊക്കെ സംഘടിപ്പിക്കുന്നു. അതുപോലെ സംഘടിത എന്ന മാഗസിന്‍ എട്ടാമത്തെ വര്‍ഷമാണ്. ആകെ 17 സ്റ്റാഫാണ് അന്വേഷിയിലുള്ളത്. സംഘടിതയ്ക്ക് വേറെ എഡിറ്റോറിയല്‍ കമ്മറ്റിയുണ്ട്. സാറ ടീച്ചറായിരുന്നു ആദ്യ എഡിറ്റര്‍. ഇപ്പോള്‍ ഡോ ഷീബയാണ് എഡിറ്റര്‍.

25ആം വര്‍ഷത്തിലെത്തിനില്‍ക്കെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടോ?

കൂടുതലായി എന്ത് ചെയ്യണമെങ്കിലും ഞങ്ങളെ പോലുള്ള സംഘടനകള്‍ക്ക് പണം വേണം. ഞങ്ങള്‍ നല്‍കുന്ന സേവനങ്ങളെല്ലാം സൌജന്യമാണ്. ഒരു സെമിനാര്‍ നടത്താന്‍ പോലും ഞങ്ങള്‍ തന്നെയാണ് കാശ് മുടക്കുന്നത്. ഫണ്ട് എല്ലാ കാലത്തും അന്വേഷിയുടെ പ്രതിസന്ധിയായിരുന്നു. ചിലപ്പോള്‍ ചില ഫണ്ടുകള്‍ കിട്ടും. അപ്പോള്‍ കുറേ കാര്യങ്ങള്‍ നടക്കും. കഴിഞ്ഞ വര്‍ഷം എല്‍.ഡി.എഫ് സര്‍ക്കാര്‍ 50 ലക്ഷം രൂപ ഗ്രാന്റ് തന്നു. എല്ലാ വര്‍ഷവും അത്രയുമുണ്ടെങ്കില്‍ കാര്യങ്ങള്‍ നടക്കും. അതുകഴിഞ്ഞ് മുന്നോട്ടുപോകാന്‍ 10 ലക്ഷമേ കിട്ടിയുള്ളൂ. അടുത്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രൊജക്റ്റ് റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. കോര്‍പറേറ്റ് ഫണ്ടിങ് സ്വീകരിക്കാറുണ്ട്. പക്ഷേ ഫോറിന്‍ ഫണ്ടിങില്ല.

ശബരിമല പ്രശ്നത്തില്‍ സ്ത്രീകള്‍ നാമജപ സമരത്തിലൊക്കെ പങ്കെടുക്കുന്നതിനെ എങ്ങനെ കാണുന്നു? നമ്മള്‍ പിന്നോട്ടുപോവുകയാണോ?

അതില്‍ ഞാന്‍ സ്ത്രീകളെ കുറ്റം പറയില്ല. വിശ്വാസത്തിന്റെ പേര് പറഞ്ഞ് സ്ത്രീകളെ ആട്ടിത്തെളിച്ച് കൊണ്ടുപോവുകയാണ്. വിശ്വാസത്തിന് എന്തോ അപകടം പറ്റാന്‍ പോകുന്നുവെന്ന് സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പാണ്. തുടക്കത്തില്‍ വിധിയെ സ്വാഗതം ചെയ്തവരാണവര്‍. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്തുകയാണ് ലക്ഷ്യം. ശബരിമലയില്‍ വിശ്വാസികളായ യുവതികള്‍ കയറട്ടെ. എനിക്കൊന്നും കയറണമെന്നില്ല. ആവശ്യമുള്ളവര്‍ പോവട്ടെ. യുവതീപ്രവേശനമല്ല പ്രശ്നമെന്നല്ലേ ഇപ്പോള്‍ ശ്രീധരന്‍ പിള്ള പറയുന്നത്. ഇതെന്താ ദിവസം ദിവസം മാറ്റിപറയുകയാണോ? ഇപ്പോള്‍ സംഘടിച്ച് ശബരിമലക്ക് പോകുന്നത് ആര്‍.എസ്.എസുകാര്‍ മാത്രമാണ്. യഥാര്‍ഥ വിശ്വാസികളൊക്കെ സംഘര്‍ഷങ്ങള്‍ക്ക് വയ്യെന്നും പറഞ്ഞ് മാറിനില്‍ക്കുകയാണ്. ഞങ്ങളുടെ 25ആം വാര്‍ഷികാഘോഷം നടക്കാതെ പോയത് ശശികലയെ അറസ്റ്റ് ചെയ്തെന്നും പറഞ്ഞ് നടത്തിയ ഹര്‍ത്താലിന്റെ പേരിലാണ്. എന്താ ശശികലയെ അറസ്റ്റ് ചെയ്യാന്‍ പാടില്ലേ? വര്‍ഗീയവിഷമല്ലേ അവര്‍ പ്രചരിപ്പിക്കുന്നത്? ഇവരൊക്കെ ചരിത്രത്തെ പുറകോട്ട് കൊണ്ടുപോവുകയാണ്. സ്ത്രീകള്‍ക്ക് ആര്‍ത്തവമുണ്ട് പോലും. ആര്‍ത്തവമില്ലെങ്കില്‍ പ്രസവവുമില്ല, കുട്ടികളുമില്ല. ആര്‍ത്തവം ഒരു ജൈവിക പ്രക്രിയയാണ്. ഈ ജൈവിക പ്രക്രിയ ഇല്ലെങ്കില്‍ കുഞ്ഞുങ്ങളില്ല. കുറച്ചുകഴിയുമ്പോള്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ മനസ്സിലാകും. എന്തായാലും ഇപ്പോള്‍ മുഖ്യമന്ത്രിയെടുത്ത നിലപാട് ശരിയാണെന്നാണ് എന്റെ അഭിപ്രായം. ശബരിമല പ്രശ്നത്തില്‍ മാതൃഭൂമി ജന്മഭൂമിയുടെയും ജനം ടിവിയുടെയും നിലപാട് എടുത്തതിനാല്‍ ഞാന്‍ ആ പത്രം ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു.

പുല്‍പ്പള്ളി സമരത്തിന്റെ 50ാം വാര്‍ഷികം കൂടിയാണല്ലോ. തിരിഞ്ഞുനോക്കുമ്പോള്‍ സ്വയം എങ്ങനെ വിലയിരുത്തുന്നു?

എന്റെ അടിത്തറ അതുതന്നെയാണ്. ഞാന്‍ വളര്‍ന്നത് ആ ചരിത്രത്തിലാണ്, ആ ഒരു അനുഭവത്തിലാണ്. അതിനെ ഞാന്‍ ഒരിക്കലും തള്ളിപ്പറയില്ല. അതില്‍ നിന്നാണ് എനിക്ക് സ്ത്രീവിമോചന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രചോദനം പോലുമുണ്ടായത്. ഇന്നത്തെ എന്റെ ശക്തി അതിന്റെ കൂടി തുടര്‍ച്ചയാണ്.

ഓര്‍മക്കുറിപ്പുകള്‍ക്ക് തുടര്‍ച്ചയുണ്ടോ?

എന്റെ ഫെമിനിസ്റ്റ് കാലത്തെ കുറിച്ചുള്ള പുസ്തകം വരുന്നുണ്ട്. ഓര്‍മയിലെ തീനാളങ്ങള്‍ എന്നാണ് പേര്. സാറാ ജോസഫാണ് ആ പേര് നിര്‍ദേശിച്ചത്. അവതാരിക എഴുതിയതും സാറാ ജോസഫാണ്. അതിന്റെ എഡിറ്റിങ് നടക്കുകയാണ്. ഡിസി ബുക്സാണ് പുസ്തകം പബ്ലിഷ് ചെയ്യുന്നത്.

Full View
Tags:    

Similar News