കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി; സ്റ്റേ നാളെ അവസാനിക്കും

നാളെ സ്റ്റേ ഇല്ലാതാകുന്നത് മുതൽ എംഎൽഎ സ്ഥാനത്ത് നിന്ന് ഷാജി വീണ്ടും അയോഗ്യനാക്കപ്പെടും.

Update: 2018-11-22 15:57 GMT
Advertising

എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ വേഗത്തിൽ പരിഗണിക്കണമെന്ന കെ.എം ഷാജിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. സഭാ നടപടികളിൽ പങ്കെടുക്കാൻ അനുമതി നല്‍കി കേസ് പരിഗണിക്കുമ്പോള്‍ ഉത്തരവ് ഇറക്കാമെന്ന് ചീഫ് ജസ്റ്റിസ് വാക്കാൽ പരാമർശിച്ചു. വിധിക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ നാളെ അവസാനിക്കും.

അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ആറു വർഷത്തേക്ക് അയോഗ്യത കൽപ്പിച്ച വിധിക്ക് എതിരെ നൽകിയ അപ്പീലാണ് കെ.എം ഷാജിയുടെ അഭിഭാഷകൻ ഇന്ന് സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വിധിക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ നാളെ അവസാനിക്കാൻ ഇരിക്കെ അപ്പീൽ അടിയന്തരമായി പരിഗണിക്കണമെന്നും സ്റ്റേ അനുവദിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് തള്ളി.

Full View

സാധാരണ നടപടിക്രമം പാലിച്ച് മാത്രമേ ഹരജി പരിഗണിക്കാൻ ആകൂവെന്ന് കോടതി വ്യക്തമാക്കി. വിധിക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ നാളെ അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിൽ കോടതി നിലപാട് ഷാജിക്ക് തിരിച്ചടിയായി. എന്നാൽ, സാധാരണ ഇത്തരം തെരഞ്ഞെടുപ്പ് കേസുകളില്‍ അംഗങ്ങളെ നിയമസഭാ നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കാറുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പക്ഷേ ആനുകൂല്യങ്ങൾ കൈപ്പറ്റാൻ ആകില്ല. ഇങ്ങനെയൊരു ഉത്തരവ് ഹരജി പരിഗണിക്കുമ്പോൾ ഈ കേസിലും പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു.

കേസില്‍ ഉത്തരവ് വേണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോൾ സ്റ്റേയുടെ ബലത്തിൽ എം.എൽ.എയായിരിക്കാൻ ആണോ ഉദ്ദേശം എന്നായിരുന്നു കോടതിയുടെ ചോദ്യം. നാളെ സ്റ്റേ ഇല്ലാതാകുന്നത് മുതൽ എംഎൽഎ സ്ഥാനത്ത് നിന്ന് ഷാജി വീണ്ടും അയോഗ്യനാക്കപ്പെടും.

Tags:    

Similar News