പി.കെ ശശിക്കെതിരായ പീഡന പരാതിയിലെ പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് ചര്‍ച്ച ചെയ്യും
ഡി.വൈ.എഫ്.ഐ വനിത നേതാവ് ഉന്നയിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.
ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശി എം.എല്‍.എക്കെതിരായ പീഡന പരാതിയിലെ പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യും. ഡി.വൈ.എഫ്.ഐ വനിത നേതാവ് ഉന്നയിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പി.കെ ശശിക്കെതിരായ നടപടി തരംതാഴ്ത്തലില്‍ ഒതുങ്ങാനാണ് സാധ്യത. പരാതി പുറത്ത് വന്നതിലെ ഗൂഢാലോചന ആരോപിച്ച് പി.കെ ശശി നല്‍കിയ പരാതിയിലും പാലക്കാടുള്ള ചില നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായേക്കും.
ഷൊർണ്ണൂർ എം.എല്‍.എ പി.കെ ശശിക്കെതിരെ പാലക്കാടുള്ള ഡി.വൈ.എഫ്.ഐ വനിത നേതാവ് പരാതി നല്‍കി മൂന്നര മാസമായിട്ടും നടപടിയുണ്ടാവാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷമുണ്ട്. യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന വിലയിരുത്തല്‍ കമ്മീഷന്‍ നടത്തിയതും സൂചനകളുണ്ട്.പി.കെ ശശി നയിക്കുന്ന ജാഥ പുരോഗമിക്കുന്നത് കൊണ്ടാണ് വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന കമ്മിറ്റി നടപടിയെടുക്കാതെ പിരിഞ്ഞത്.ഇന്നലെ ജാഥ സമാപിച്ച സഹാചര്യത്തില്‍ ഇന്ന് ചേരുന്ന സംസ്ഥാനകമ്മിറ്റി വിഷയം പരിഗണിച്ച് ശശിക്കെതിരെ നടപടിയെടുത്തേക്കും,എന്നാല്‍ കടുത്ത നടപടിയുണ്ടാകില്ലെന്ന് തന്നെയാണ് സൂചന. നിലവിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ ഏര്യാകമ്മിറ്റിയിലേക്കോ മറ്റേതെങ്കിലും കീഴ്ഘടകങ്ങളിലേക്കോ തരംതാഴ്ത്തിത്തിയേക്കാനാണ് സാധ്യത.നാളെ നിയമസഭ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തില്‍ ശശി വിഷയം പ്രതിപക്ഷം ആയുധമാക്കുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
ഇത് കൂടി പരിഗിണിച്ചാണ് ഇന്ന് സംസ്ഥാനകമ്മിറ്റി തീരുമാനിച്ചതും.അതേസമയം യുവതി കൊടുത്ത പരാതി പുറത്ത് വന്നതില്‍ ഗൂഡാലോചന ആരോപിച്ച് ശശി കമ്മീഷന് നല്‍കിയ പരാതിയിലും ചിലര്‍ക്കെതിരെ നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്.വിഭാഗീയതയുടെ ഭാഗമായിട്ടാണ് പരാതി പുറത്ത് വന്നതെന്ന നിഗമനം കമ്മീഷന്‍ നടത്തിയതായും സൂചനയുണ്ട്.