ശബരിമല നിരോധനാജ്ഞ നീട്ടി
നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ് കലക്ടര്‍ക്ക് ശിപാര്‍ശ നല്‍കിയിരുന്നു. പത്തനംതിട്ട ജില്ലാ കലക്ടറാണ് നിരോധനാജ്ഞ നീട്ടി ഉത്തരവിറക്കിയത്.
ശബരിമലയിലെ നിരോധനാജ്ഞ ഈ മാസം 30 വരെ നീട്ടി. യുവതി പ്രവേശന വിഷയം മുന്‍നിര്‍ത്തി സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നതായുള്ള പോലീസ് റിപോര്‍ട്ട് പരിഗണിച്ചാണ് നടപടി. ഭക്തര്‍ ഒറ്റയ്ക്കോ കൂട്ടായോ ദര്‍ശനത്തിന് എത്തുന്നതിന് നിരോധനാജ്ഞ തടസമാകില്ല.
ഈ സീസണില്‍ ഏറ്റവും കൂടുതല്‍ പേർ ദർശനത്തിനായി എത്തിയതും ഇന്നാണ്. 30 മുതല്‍ ശബരിമലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ചുമതലകളില്‍ നിന്ന് നീക്കി കൊണ്ടുള്ള ഡി.ജി.പിയുടെ ഉത്തരവും പുറത്തിറങ്ങി. ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗം എം.ബി രാജഗോപാലിനെ പോലീസ് ഇന്ന് നിലയ്ക്കലില്‍ നിന്ന് കസ്റ്റഡിയിലെടുത്തു.
പമ്പ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളിലാണ് നിരോധാനാജ്ഞ നാലു ദിവസം കൂടി നീട്ടിയത്. ജനങ്ങള്‍ക്കിടയില്‍ സാമുദായിക ചേരിതിരിവ് സൃഷ്ടിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു. സന്നിധാനത്ത് നിരോധനാജ്ഞ ലംഘിക്കപ്പെട്ടു. യുവതി പ്രവേശന വിഷയുമായി ബന്ധപ്പെട്ടുള്ള അക്രമ സംഭവങ്ങളുടെ പേരില്‍ ജില്ലയില്‍ 92 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങിയവയായിരുന്നു നിരോധനാജ്ഞ നീട്ടാനുള്ള കാരണങ്ങളായി പോലീസ് മുന്നോട്ട് വെച്ചത്. ഇത് അംഗീകരിച്ചാണ് ജില്ലാ കലക്ടറുടെ ഉത്തരവ്.
എന്നാല്‍ ഉത്തരവ് ശബരിമലയിലേക്ക് ദര്‍ശനത്തിനായി ഭക്തര്‍ക്ക് എത്തുന്നതിന് ബാധകമല്ല. ശരണം വിളിക്കുന്നതിനും നിയന്ത്രണങ്ങളില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. നിലവില്‍ ശബരിമലയിലെ ചുമതലയുള്ള ഐ.ജി അടക്കമുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും 30ാം തീയതിയോടെ ചുമതല ഒഴിയും. പുതിയ ടീമിനെ നിയമിച്ച് കൊണ്ടുള്ള ഉത്തരവ് ഇന്ന് ഇറങ്ങി.
ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗം എം.ബി രാജഗോപാലിനെ നിലയ്ക്കലില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. നോട്ടീസ് കൈപറ്റാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്ന് എരുമേലി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിലേതില്‍ നിന്നും വിത്യസ്തമായി ഇന്ന് കൂടുതല്‍ തീർത്ഥാടകർ ദർശനത്തിനായി സന്നിധാനത്ത് എത്തി. എങ്കിലും സീസണ്‍ കാലത്തെ തിരക്കിലേക്ക് ശബരിമല ഇതുവരെ എത്താത്തത് ദേവസ്വം ബോർഡിനെ ആശങ്കയിലാക്കുന്നു. വില്‍പന കുറഞ്ഞതോടെ അപ്പം ഉല്‍പാദനം താല്‍ക്കാലികമായി നിർത്തിവെച്ചു.