അവധി ദിനത്തിലും സന്നിധാനത്ത് തിരക്കില്ല
സംഘപരിവാര്‍ സംഘടനകള്‍ നിരോധനാജ്ഞ ലംഘിയ്ക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സന്നിധാനത്ത് പൊലിസ് നിരീക്ഷണവും സുരക്ഷയും ശക്തമാക്കി


അവധി ദിനത്തിലും ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകരുടെ തിരക്കില്ല. ഉച്ചയ്ക്ക് 12 മണിവരെ 25,185 പേരാണ് മലചവിട്ടിയത്. നിരോധനാജ്ഞ ലംഘിയ്ക്കുമെന്ന സംഘപരിവാര്‍ സംഘടനകളുടെ പ്രഖ്യാപനം വന്നതോടെ, സന്നിധാനത്തും പൊലിസ് നിരീക്ഷണം ശക്തമാക്കി.

ശനിയാഴ്ച രാത്രി 12 മണിവരെ 45,330 പേരാണ് ദര്‍ശനം നടത്തിയത്. കൂടുതല്‍ പേര്‍ സന്നിധാനത്തെത്തിയത് വെള്ളിയാഴ്ചയാണ്, 53,000 ത്തോളം പേര്‍. സീസണില്‍ ഇതുവരെ മുപ്പത്തി അയ്യായിരത്തോളം പേരാണ് ശരാശരി ഒരു ദിവസം മലകയറിയത്. സാധാരണ അവസരങ്ങളില്‍ നിന്നും എഴുപത് ശതമാനത്തോളം കുറവാണിത്.

സംഘപരിവാര്‍ സംഘടനകള്‍ നിരോധനാജ്ഞ ലംഘിയ്ക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സന്നിധാനത്ത് പൊലിസ് നിരീക്ഷണവും സുരക്ഷയും ശക്തമാക്കി. എല്ലാ ദിവസവും തുടരുന്ന ശരണ പ്രതിഷേധം നിരോധനാജ്ഞ ലംഘന പ്രതിഷേധത്തിലേയ്ക്ക് മാറാനുള്ള സാധ്യതയും പൊലിസ് കാണുന്നുണ്ട്. കൂടാതെ, പൊലിസ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണവും ശക്തമാണ്.