കനക ദുര്‍ഗയും ബിന്ദുവും സന്നിധാനത്തെത്തിയത് എങ്ങനെയെന്ന് അറിയില്ലെന്ന് നിരീക്ഷണ സമിതി

ദേവസ്വം ജീവനക്കാരെയും വി.ഐ.പികളേയും മാത്രമേ ഈ ഗെയ്റ്റിലൂടെ കടത്തിവിടാറുള്ളൂ.

Update: 2019-01-16 08:50 GMT
Advertising

ബിന്ദുവും കനകദുര്‍ഗയും സന്നിധാനത്തെത്തിയ സംഭവത്തിൽ പൊലീസിനെ പരോക്ഷമായി വിമർശിച്ച് ഹൈക്കോടതി നിരീക്ഷകസമിതി റിപ്പോർട്ട്. ദേവസ്വം ജീവനക്കാർക്കും വി.ഐ.പികൾക്കും മാത്രമുള്ള ഗെയ്റ്റ് വഴി യുവതികൾ എങ്ങനെ സന്നിധാനത്ത് എത്തിയെന്ന് അറിയില്ലെന്ന് സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. അജ്ഞാതരായ അഞ്ചുപേരും യുവതികൾക്കൊപ്പം സന്നിധാനത്തെത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ശബരിമല നിരീക്ഷണ സമിതി പുതുതായി നല്‍കിയ റിപ്പോര്‍ട്ടിലാണ് കനകദുര്‍ഗയും ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയതിനെ പരോക്ഷമായി വിമര്‍ശിച്ചിട്ടുള്ളത്. പൊലീസുകാർ കാവൽ നിൽക്കുന്ന ഗേറ്റിലൂടെയാണ് അജ്ഞാതരായ അഞ്ചുപേർക്കൊപ്പം യുവതികൾ സന്നിധാനത്തെത്തിയത്. യുവതികള്‍ എങ്ങനെയെത്തിയെന്ന് അറിയില്ല. കൊടിമരത്തിനു പിന്നിലൂടെ ശ്രീകോവിലിനു മുന്നിലേക്ക് സാധാരണ നിലയിൽ ആരെയും കടത്തിവിടാറില്ല. ദേവസ്വം ജീവനക്കാരെയും വി.ഐ.പികളേയും മാത്രമേ ഈ ഗെയ്റ്റിലൂടെ കടത്തിവിടാറുള്ളൂവെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സമിതി ചൂണ്ടിക്കാട്ടി.

തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് പത്തനംതിട്ട എസ്.പിക്കും റിപ്പോർട്ടിൽ വിമർശനമുണ്ട്. ശബരിമല പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ തിരുവാഭരണ ഘോഷയാത്രയിൽ നിന്ന് ഒഴിവാക്കാൻ ശ്രമമുണ്ടായി. ഇക്കാര്യം ചർച്ച ചെയ്യാൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയെ സന്നിധാനത്തേക്ക് വിളിച്ചെങ്കിലും എത്തിയില്ല. പന്തളത്ത് തുടരണം എന്ന് ഡി.ജി.പി നിർദേശിച്ചതിനാലാണ് എത്താതിരുന്നതെന്ന് പത്തനംതിട്ട എസ്.പി വിശദീകരിച്ചു. തുടർന്ന് പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ തിരുവാഭരണഘോഷയാത്രയിൽ നിന്ന് ഒഴിവാക്കരുതെന്ന് നിർദേശിച്ചതായും സമിതി കോടതിയെ അറിയിച്ചു.

Tags:    

Similar News