ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് തുഷാർ വെള്ളാപ്പള്ളി
താൻ മത്സരിച്ചാൽ മറ്റ് മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബി.ജെ.പിയോട് തുഷാർ വെള്ളാപ്പള്ളി. താൻ മത്സരിച്ചാൽ മറ്റ് മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. ബി.ഡി.ജെ.എസ് നാലിൽ കൂടുതൽ സീറ്റിൽ മത്സരിക്കുമെന്നും തുഷാർ മീഡിയവണിനോട് പറഞ്ഞു. എൻ.ഡി.എ കൺവീനർ കൂടിയായ തുഷാർ മത്സരിക്കാതിരുന്നാൽ അത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകും.
ബി.ജെ.പിയോട് ഇടഞ്ഞു നിൽക്കുന്ന എസ്.എൻ.ഡി.പിയുടെ നേതൃത്വത്തെ മയപ്പെടുത്താനും ഈഴവ വോട്ടും ലക്ഷ്യമിട്ട് ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി മത്സരത്തിനിറങ്ങണമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം അടക്കം ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ താൻ മത്സരരംഗത്ത് ഉണ്ടാവില്ലെന്ന് ബി.ജെ.പി നേതൃത്വത്തെ തുഷാർ അറിയിച്ചു കഴിഞ്ഞു. പറഞ്ഞ കാരണമിതാണ്. സീറ്റ് സംബന്ധിച്ച് അന്തിമ ധാരണയിലെത്തിയിട്ടില്ല. എട്ട് സീറ്റ് ചോദിച്ചെങ്കിലും നാലിലധികം സീറ്റ് ബി.ഡി.ജെ.എസിന് ലഭിക്കുമെന്നും തുഷാർ പറഞ്ഞു.
തുഷാറിന്റെ തീരുമാനത്തിൽ ബി.ജെ.പി അങ്കലാപ്പിലാണ്. തുഷാർ മത്സരിക്കാതിരുന്നാൽ എസ്.എൻ.ഡി.പിയെ അനുനയിപ്പിക്കാനുള്ള നീക്കത്തിന് കനത്ത തിരിച്ചടിയാകും. അടുത്തയാഴ്ച സംസ്ഥാനത്തെത്തുന്ന ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് തുഷാറുമായി വീണ്ടും ചർച്ച നടത്താൻ സാധ്യയുണ്ട്.