ആലത്തൂരില്‍ യു.ഡി.എഫ് പൊതുസ്വതന്ത്രനെ നിര്‍ത്തിയേക്കും
ഒറ്റപ്പാലത്ത് കെ.ആര്‍ നാരായണനെ ഇറക്കി വിജയിച്ചതുപോലെ ആലത്തൂരും പൊതുസ്വതന്ത്രനിലൂടെ വിജയിക്കാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ
ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രമായ ആലത്തൂര്‍ ലോക്സഭ മണ്ഡലത്തില്‍ ഇത്തവണ പൊതുസ്വതന്ത്രനെ നിര്‍ത്താനാണ് യു.ഡി.എഫ് തീരുമാനം. പി.കെ ബിജുവിനു പകരം മറ്റൊരു സ്ഥാനാര്‍ഥിയെയാണ് ഇടതുപക്ഷം പരിഗണിക്കുന്നത്.
2009 ലാണ് ആലത്തൂര്‍ മണ്ഡലം നിലവില്‍ വന്നത്. നേരത്തെ ഉണ്ടായിരുന്ന ഒറ്റപ്പാലം സംവരണ മണ്ഡലം ആലത്തൂരായി മാറി. ഇടതുപക്ഷത്തിന് വ്യക്തമായ മേധാവിത്വം ഉള്ള മണ്ഡലത്തില്‍ പൊതുസ്വതന്ത്രനെ ഇറക്കി വിജയം നേടാനാണ് കോണ്‍ഗ്രസ് ശ്രമം. ഫുട്ബോള്‍ താരം ഐ.എം വിജയനെ പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം പിന്‍മാറി. ഒറ്റപ്പാലത്ത് കെ.ആര്‍ നാരായണനെ ഇറക്കി വിജയിച്ചതുപോലെ ആലത്തൂരും പൊതുസ്വതന്ത്രനിലൂടെ വിജയിക്കാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
2009 ലും, 2014 ലും വിജയിച്ച് പാര്‍ലമെന്റിലെത്തിയ പി.കെ ബിജുവിന് ഇത്തവണ സീറ്റു നല്‍കാന്‍ സാധ്യതയില്ല. മണ്ഡലത്തില്‍ തന്നെ ഉള്ള കേന്ദ്രകമ്മറ്റി അംഗം കെ.രാധാകൃഷ്ണന്‍, മുന്‍ എം.പി എസ്. ശിവരാമന്‍ എന്നിവരെയാണ് സി.പി.എം പരിഗണിക്കുന്നത്. വടക്കാഞ്ചേരി നിയമസഭ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി 43 വോട്ടിന് വിജയിച്ചത് മാറ്റി നിര്‍ത്തിയാല്‍, ബാക്കി മുഴുവന്‍ നിയമസഭ മണ്ഡലങ്ങളും എല്‍.ഡി.എഫിനൊപ്പമാണ്.
ബി.ജെ.പിക്ക് കാര്യമായ വോട്ടില്ലാത്ത മണ്ഡലമാണ് ആലത്തൂര്‍. പാലക്കാട്, തൃശൂര്‍ ജില്ലകളിലെ നേതാക്കളെയാണ് ബി.ജെ.പി ആലത്തൂരിലേക്ക് പരിഗണിക്കുന്നത്. 37312 വോട്ടിനാണ് കോണ്‍ഗ്രസിന്‍റെ കെ.എ ഷീബയെ പി.കെ ബിജു പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ നോട്ടക്ക് 21417 വോട്ടും ലഭിച്ചിരുന്നു.