തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ലീഗ് തിങ്കളാഴ്ച കോഴിക്കോട് ചേരും
പൊന്നാനിയിലും മലപ്പുറത്തും മികച്ച വിജയമെന്ന് പ്രാഥമിക കണക്ക്
തെരഞ്ഞെടുപ്പ് അവലോകനത്തിനായി മുസ്ലീം ലീഗ് നേതൃയോഗം തിങ്കളാഴ്ച കോഴിക്കോട് ചേരും. പൊന്നാനിയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം കൂടുമെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ പ്രാഥമിക വിലയിരുത്തല്‍. മലപ്പുറത്ത് ഒന്നരലക്ഷം വരെ ഭൂരിപക്ഷം ലഭിക്കുമെന്നും നേതാക്കള്‍ കണക്ക് കൂട്ടുന്നു.
20 മണ്ഡലങ്ങളിലേയും യു.ഡി.എഫിന്‍റെ സാധ്യതകള്‍ സംസ്ഥാന സമിതി യോഗത്തില്‍ വിലയിരുത്തും. ഇതിനായി താഴെ തട്ടില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ അതാത് ജില്ലകള്‍ യോഗത്തിന് മുന്നോടിയായി നേതൃത്വത്തിന് കൈമാറും. കടുത്ത മത്സരം പ്രതീക്ഷിച്ചിരുന്ന പൊന്നാനിയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇ.ടി മുഹമ്മദ് ബഷീറിന് 40,000ത്തിനും 80,000ത്തിനും ഇടയില്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് വിവിധ നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നേതൃത്വം കണക്ക് കൂട്ടുന്നത്.
ന്യൂനപക്ഷ വോട്ടുകള്‍ പൂര്‍ണമായും അനുകൂലമായതും ഒപ്പം പൊന്നാനിയില്‍ ഇത്തവണ യു.ഡി.എഫില്‍ ആഭ്യന്തര പ്രശ്നങ്ങളില്ലാതിരുന്നതും നേട്ടമായെന്നാണ് ലീഗ് വിലയിരുത്തല്‍. മലപ്പുറത്ത് പി.കെ കുഞ്ഞാലികുട്ടിയുടെ ഭൂരിപക്ഷം പരമാവധി ഒന്നരലക്ഷം വരെ എന്നതാണ് പ്രാഥമിക കണക്ക്, സംസ്ഥാനത്ത് ഉടനീളം യു.ഡി.എഫ് തംരഗം സാധ്യമായതായും രാഹുല്‍ ഗാന്ധിയുടെ വരവ് മുതല്‍ ന്യൂനപക്ഷ ഏകീകരണം വരെ ഇതിന് കാരണമായതായും ലീഗ് വിലയിരുത്തുന്നു. പോളിങ് ശതമാനം ഉയരാനുള്ള കാരണം മോദിക്കെതിരായ വിധിയെഴുത്തായി ന്യൂനപക്ഷങ്ങള്‍ തെരഞ്ഞെടുപ്പിനെ കണ്ടതാണ്.
സംസ്ഥാനത്താകെ 14 മുതല്‍ 18 വരെ സീറ്റുകള്‍ യു.ഡി.എഫ് സ്വന്തമാക്കുമെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ കണക്ക്. രാഹുല്‍ ഗാന്ധിക്ക് ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നിവിടങ്ങളില്‍ നിന്ന് എത്ര വോട്ടിന്‍റെ ഭൂരിപക്ഷം ലഭിക്കുമെന്നും സംസ്ഥാന നേതൃത്വം പ്രത്യേകം അവലോകനം ചെയ്യും.