പിലാത്തറയില്‍ കള്ളവോട്ട് നടന്നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍; മൂന്ന് സ്ത്രീകള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും
കള്ളവോട്ട് ചെയ്ത പത്മിനി, സലീന എന്‍.പി, സുമയ്യ കെ.പി എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും. സലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശിപാര്‍ശ ചെയ്യും
കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറ സ്കൂളിലെ 19ആം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചു. കള്ളവോട്ട് ചെയ്ത പത്മിനി, സലീന എന്‍.പി, സുമയ്യ കെ.പി എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. സലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശിപാര്‍ശ ചെയ്യും. കള്ളവോട്ട് ചെയ്യാന്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് സഹായിച്ചതായി കണ്ടെത്തിയെന്നും മീണ പറഞ്ഞു.
കാസര്‍കോട് ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പിലാത്തറ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയത്. പത്മിനി, സലീന, സുമയ്യ എന്നിവര്‍ കള്ളവോട്ട് ചെയ്തെന്ന് ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു. പഞ്ചായത്ത് അംഗം സലീനയും മുൻ പഞ്ചായത്ത് അംഗം സുമയ്യയും പത്തൊൻപതാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാരല്ല. ഇവര്‍ രണ്ട് പേരും ബൂത്ത് മാറി വോട്ട് ചെയ്തു. യഥാര്‍ത്ഥ ബൂത്തിൽ ഇവര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. പത്മിനി എന്ന സ്ത്രീയാകട്ടെ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ രണ്ട് തവണ വോട്ട് ചെയ്തതായും ടിക്കാറാം മീണ പറഞ്ഞു. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടായി എന്ന നിഗമനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
യു.ഡി.എഫിന്‍റെ പോളിങ് ഏജന്‍റ് 11 മണി വരെ മാത്രമേ ഉണ്ടായിരുന്നുവെന്നും അത് എന്തുകൊണ്ട് സംഭവിച്ചുവെന്ന് പരിശോധിക്കുമെന്നും ടിക്കാറാം മീണ അറിയിച്ചു. റീ പോളിങ് അടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആയിരിക്കും.