പിലാത്തറയിലെ കള്ളവോട്ട്: മൂന്ന് പേര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു

ഒരു വര്‍ഷത്തെ തടവോ പിഴയോ രണ്ടും ഒന്നിച്ചോ ലഭിക്കാവുന്ന കുറ്റമാണിത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ സെലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദ് ചെയ്യപ്പെടും. എന്നാല്‍ കേസിനെ നിയമപരമായി നേരിടുമെന്ന് സി.പി.എം പറഞ്ഞു

Update: 2019-05-02 07:43 GMT
Advertising

കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറയില്‍ കളളവോട്ട് ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ ക്രിമിനല്‍ കേസ്. സി.പി.എം പഞ്ചായത്ത് അംഗം എം.വി സെലീന, മുന്‍ അംഗം കെ.പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെയാണ് പരിയാരം പൊലീസ് കേസെടുത്തത്.

Full View

കല്യാശേരി നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പിലാത്തറ എ.യു.പി സ്കൂള്‍ 19ആം നമ്പര്‍ ബൂത്തില്‍ സി.പി.എം ചെറുതാഴം പഞ്ചായത്ത് അംഗം കെ.പി സെലീന, മുന്‍ അംഗം കെ.പി സുമയ്യ, പത്മിനി എന്നിവര്‍ കളളവോട്ട് ചെയ്തതായി കണ്ണൂര്‍ ജില്ലാ കലക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ഈ മൂന്ന് പേര്‍ക്കുമെതിരെ പരിയാരം പോലീസ് കേസെടുത്തത്.

Full View

ഐ.പി.സി 171 എഫ് വകുപ്പ് പ്രകാരമാണ് കേസ്. ഒരു വര്‍ഷത്തെ തടവോ പിഴയോ രണ്ടും ഒന്നിച്ചോ ലഭിക്കാവുന്ന കുറ്റമാണിത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ സെലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദ് ചെയ്യപ്പെടുകയും ചെയ്യും. എന്നാല്‍ കേസിനെ നിയമപരമായി നേരിടുമെന്ന് സി.പി.എം പറഞ്ഞു.

പിലാത്തറയിലും പാമ്പുരുത്തിയിലും ലീഗ് പ്രവര്‍ത്തകര്‍ കളളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇത് തെളിയിക്കപ്പെട്ടാല്‍ ഇവര്‍ക്കെതിരെയും സമാനമായ രീതിയില്‍ കേസെടുത്തേക്കും.

Full View
Tags:    

Similar News