സി.ഒ.ടി നസീറിനെ പിന്തുടര്‍ന്ന് വെട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്
നസീറിനെ സംഘം പിന്‍തുടര്‍ന്ന് വടിവാള്‍ ഉപയോഗിച്ച് വെട്ടുന്നതും, നിലത്ത് വീണ നസീറിന്റെ ദേഹത്ത് പല തവണ ബൈക്കുകള്‍ കയറ്റിയിറക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.


മുന്‍ സി.പി.എം നേതാവും വടകരയിലെ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയുമായിരുന്ന സി.ഒ.ടി നസീര്‍ അക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലന്നും കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും സി.ഒ.ടി നസീര്‍ പറഞ്ഞു. അതിനിടെ സി.ഒ.ടിക്ക് നേരെ നടന്ന അക്രമം ജില്ലയിലെ സി.പി.എമ്മിനുള്ളിലും വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ തലശേരിയില്‍ വെച്ച് സി.ഒ.ടി നസീറിനു നേരെ നടന്ന അക്രമത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. അക്രമികളില്‍ നിന്ന് ഓടി രക്ഷപെടാന്‍ ശ്രമിക്കുന്ന നസീറിനെ സംഘം പിന്‍തുടര്‍ന്ന് വടിവാള്‍ ഉപയോഗിച്ച് വെട്ടുന്നതും, നിലത്ത് വീണ നസീറിന്റെ ദേഹത്ത് പല തവണ ബൈക്കുകള്‍ കയറ്റിയിറക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
തലശേരി എം.എല്‍.എ എ.എന്‍ ഷംസീറാണ് തനിക്ക് നേരെ നടന്ന വധശ്രമത്തിന് പിന്നിലെന്ന് നസീര്‍ അന്വേക്ഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സി.ഐക്ക് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ സി.ഐയെ സ്ഥലം മാറ്റി. ഒപ്പം സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെ മര്‍ദ്ദിച്ചെന്നാരോപിച്ച് പൊലീസിനെതിരെ നഗരത്തില്‍ വ്യാപകമായ പോസ്റ്റര്‍ പ്രചാരണവും നടന്നു.
ഇത് അന്വേഷണ സംഘത്തെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ആസൂത്രിത നീക്കമാണന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തില്‍ അന്വേഷണം സി.ബി.ഐ പോലെ മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സി.ഒ.ടി നസീര്‍.
ഇതിനിടെ സി.ഒ.ടിക്ക് നേരെ നടന്ന അക്രമം ജില്ലയിലെ സി.പി.എമ്മിനുള്ളിലും വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിട്ടുണ്ട്. പി ജയരാജനാണ് അക്രമത്തിന് പിന്നിലെന്ന തോന്നലുണ്ടാക്കി തലശേരിയിലെ ചില സി.പി.എം നേതാക്കള്‍ നടത്തിയ അക്രമമാണ് സി.ഒ.ടിക്ക് നേരെ നടന്നതെന്നും ഇത് ഗൗരവത്തോടെ പരിശോധിക്കണമെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് സംഭവത്തില്‍ സി.പി.എം അന്വേഷണം ആരംഭിച്ചതായാണ് സൂചന.