കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പ്; തിരുത്തല്‍ നടത്തിയത് രണ്ട് ഡെപ്യൂട്ടി രജിസ്ട്രാര്‍മാരുടെ പാസ്‌വേഡുകള്‍ ഉപയോഗിച്ച്
വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സമാനമായി കേരള സര്‍വകലാശാല സ്വന്തം നിലക്കും അന്വേഷണം നടത്തും
കേരള സര്‍വകലാശാലയിലെ മോഡറേഷന്‍ മാര്‍ക്ക് തട്ടിപ്പ് നടത്തിയത് രണ്ട് ഡെപ്യൂട്ടി രജിസ്ട്രാര്‍മാരുടെ പാസ് വേഡുകള്‍ ഉപയോഗിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മാര്‍ക്ക് രേഖപ്പെടുത്തുന്നതിനായി ഇവര്‍ പാസ് വേഡ് ജീവനക്കാര്‍ക്ക് നല്‍കിയിരുന്നതായി വ്യക്തമായി. 12 പരീക്ഷകളില്‍ ക്രമക്കേട് നടന്നതായാണ് സ്ഥിരീകരണം. വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സമാനമായി കേരള സര്‍വകലാശാല സ്വന്തം നിലക്കും അന്വേഷണം നടത്തും
ഡെപ്യൂട്ടി രജിസ്ട്രാര്‍ തസ്തികയിലുള്ള രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ കമ്പ്യൂട്ടറില്‍ മാര്‍ക്ക് രേഖപ്പെടുത്തുന്നതിനായി നല്‍കിയ പാസ് വേഡുകളാണ് മാര്‍ക്ക് തട്ടിപ്പിനായി ഉപയോഗിച്ചിരിക്കുന്നത്. മാര്‍ക്ക് രേഖപ്പെടുത്തുന്നതിന് വേണ്ടി പരീക്ഷ സെക്ഷനിലെ പല ജീവനക്കാര്‍ക്കും പാസ് വേഡുകള്‍ കൈമാറിയിരുന്നു. രണ്ട് ഡെപ്യൂട്ടി രജിസ്ട്രാര്‍മാരില്‍ ഒരാള്‍ 2018ല്‍ സ്ഥലം മാറിപോയെങ്കിലും അവരുടെ പാസ് വേഡ് മരവിപ്പിക്കാന്‍ ഐടി സെല്‍ മുന്‍കൈ എടുത്തില്ല. പുതിയ ഡെപ്യൂട്ടി രജിസ്ട്രാറുടെ പാസ് വേഡും ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
2017 മുതല്‍ 19 വരെ നിരന്തരം മോഡറേഷനില്‍ ക്രമക്കേട് നടന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരിക്കുന്നത്. പതിനാറ് ഡിഗ്രി പരീക്ഷകളില്‍ 12ലും മോഡറേഷന്‍ മാര്‍ക്കില്‍ കൃത്രിമം നടന്നതായി സര്‍വകലാശാല സ്ഥിരീകരിക്കുന്നു.
വിഷയത്തിന്റെ ഗൌരവം കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പുറമേ സ്വന്തം നിലക്ക് അന്വേഷണം നടത്താന‍് സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നത്. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്