സത്രം എയർ സ്ട്രിപ്പിൽ വനംവകുപ്പിന്റെ കടുംപിടിത്തം; നിസ്സഹകരണം തുടരുന്നു

ശബരിമല തീർഥാടനത്തോടനുബന്ധിച്ച് എയർ സ്ട്രിപ്പ് സജ്ജമാക്കണമെന്ന ഇടുക്കി ജില്ലാ കലക്ടറുടെ നിർദേശം നടപ്പായില്ല

Update: 2024-11-17 04:50 GMT
Advertising

ഇടുക്കി: സീ പ്ലെയിൻ പദ്ധതിക്ക് പുറമെ ഇടുക്കി സത്രം എയർ സ്ട്രിപ്പിലും കടുംപിടുത്തം തുടർന്ന് വനംവകുപ്പ്. ശബരിമല തീർഥാടനത്തോടനുബന്ധിച്ച് എയർ സ്ട്രിപ്പ് സജ്ജമാക്കണമെന്ന ഇടുക്കി ജില്ലാ കലക്ടറുടെ നിർദേശം നടപ്പായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി എൻസിസി അഡീഷണൽ ഡയറക്ടർ ജനറൽ കത്ത് നൽകിയെങ്കിലും വനംവകുപ്പ് നിസ്സഹകരണം തുടരുകയാണ്. കത്തുകളുടെ പകർപ്പ് മീഡിയ വണിന് ലഭിച്ചു.

ഇടുക്കിയിലും പമ്പ, ശബരിമല എന്നിവിടങ്ങളിലും അടിയന്തര സാഹചര്യമുണ്ടായാൽ ചെറുവിമാനങ്ങളും ഹെലികോപ്റ്ററും സത്രം എയർ സ്ട്രിപ്പിൽ ഇറക്കാമെന്ന് വ്യോമസേന സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശബരിമല തീർഥാടനകാലത്ത് ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് എയർ സ്ട്രിപ്പ് സജ്ജമാക്കാൻ കഴിഞ്ഞ മാസം ജില്ലാ കലക്ടർ എൻസിസി അഡീഷണൽ ഡയറക്ടർ ജനറലിന് കത്ത് നൽകിയത്. ഈ മാസം ആറിന് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് എൻസിസി വകുപ്പും കത്ത് നൽകി. അടിയന്തര പ്രാധാന്യമുള്ള കത്തിൽ പക്ഷെ തുടർ നടപടികളുണ്ടായില്ല.

എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായി 2017 ലാണ് 12 ഏക്കർ സ്ഥലത്ത് 12 കോടി മുതൽ മുടക്കിൽ എയർ സ്ട്രിപ്പ് നിർമിച്ചത്. പൊതുമരാമത്ത് വകുപ്പ് തൊണ്ണൂറ് ശതമാനം നിര്‍മാണവും പൂർത്തിയാക്കി. മണ്ണിടിഞ്ഞ ഭാഗം പുനർനിർമിക്കാൻ ആറ് കോടി മുപ്പത് ലക്ഷം രൂപയും അനുവദിച്ചു. എയർ സ്ട്രിപ്പിലേക്കുള്ള 400 മീറ്റർ പാതയിൽ വനംവകുപ്പ് അവകാശവാദമുന്നയിച്ചതോടെയാണ് തർക്കമായത്. 

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News