'എല്ലാ ദിവസവും വിളിച്ച് കരയും, സഹപാഠികൾ ബുദ്ധിമുട്ടിച്ചിരുന്നു'; നഴ്സിങ് വിദ്യാർഥിയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം
ഡിസംബറിൽ നടക്കാനിരുന്ന ടൂറുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ വിദ്യാർഥികൾ തമ്മിലുണ്ടായിരുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം
പത്തനംതിട്ട: നഴ്സിങ് വിദ്യാർഥിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കഴിഞ്ഞ ദിവസമാണ് ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ നാലാംവർഷ വിദ്യാർഥി അമ്മു എസ്. സജീവ് ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് മരിച്ചത്. ക്ലാസിലെ ചില വിദ്യാർഥികൾ അമ്മുവിനെ ബുദ്ധിമുട്ടിച്ചിരുന്നെന്നും മരണത്തിനു പിന്നിലെ യാഥാർഥ്യം പുറത്തുവരണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ 15നാണ് തിരുവനന്തപുരം ആയിരൂപ്പാറ സ്വദേശിനി അമ്മു സജീവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. നടന്നത് ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എന്നാൽ അമ്മു ആത്മഹത്യ ചെയില്ലെന്നാണ് കുടുംബം പറയുന്നത്.
ഡിസംബറിൽ നടക്കാനിരുന്ന ടൂറുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ വിദ്യാർഥികൾ തമ്മിലുണ്ടായി. ഇത് അമ്മുവിനെ മാനസികമായി പ്രയാസപ്പെടുത്തിയിരുന്നു. കുടുംബത്തിന്റെ വിശദമായ മൊഴിയെടുക്കുമെന്നാണ് പൊലീസ് പറയുന്നത്.