പുതുവൈപ്പ് സമരം; സ്ത്രീകളടക്കം അറസ്റ്റില്‍

രണ്ടര വര്‍ഷമായി മുടങ്ങി കിടന്നിരുന്ന പുതുവൈപ്പ് പദ്ധതിയുടെ നിര്‍മാണം കഴിഞ്ഞ തിങ്കളാഴ്ചയാണ് അധികൃതര്‍ പുനരാരംഭിച്ചത്

Update: 2019-12-21 06:08 GMT
Advertising

പുതുവൈപ്പ് എല്‍.പി.ജി ടെര്‍മിനല്‍ പദ്ധതി പ്രദേശത്തേക്ക് നടന്ന ബഹുജന മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. രാവിലെ പത്തോടെ കോച്ചുമുക്ക് ജങ്ഷനില്‍ നിന്ന് ടെര്‍മിനല്‍ വിരുദ്ധ സമിതി നേതൃത്വത്തില്‍ തുടങ്ങിയ മാര്‍ച്ചില്‍ കുട്ടികളടക്കം ആയിരത്തോളം പേര്‍ പങ്കെടുത്തു. കൊച്ചി നഗരസഭ ഒന്നാം ഡിവിഷനിലും എളംകുന്നപ്പുഴ പഞ്ചായത്തിലെ 11 വാര്‍ഡുകളിലും തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിന് നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് ഐ.ഒ.സി ടെര്‍മിനല്‍ നിര്‍മാണം പുനരാരംഭിച്ചത്. രണ്ടര വര്‍ഷമായി മുടങ്ങി കിടന്നിരുന്ന പുതുവൈപ്പ് പദ്ധതിയുടെ നിര്‍മാണം കഴിഞ്ഞ തിങ്കളാഴ്ചയാണ് അധികൃതര്‍ പുനരാരംഭിച്ചത്.

നിരോധനാജ്ഞ ലംഘിച്ചെത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് സ്ത്രീകളും കുട്ടികളും അടങ്ങുന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പദ്ധതി പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.

ജനവാസകേന്ദ്രത്തില്‍ പദ്ധതി അനുവദിക്കാനാവില്ലെന്നതാണ് സമരസമിതിയുടെ നിലപാട്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടര വര്‍ഷമായി പദ്ധതിയുടെ നിര്‍മാണം നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. പദ്ധതിയുടെ പാരിസ്ഥിതിക അനുമതിയുടെ കാലാവധി ആറു മാസത്തിനകം തീരാനിരിക്കെയാണ് പൊലീസ് സുരക്ഷയില്‍ ടെര്‍മിനല്‍ നിര്‍മാണം വീണ്ടും ആരംഭിച്ചത്. 2017ല്‍ നടന്ന പ്രതിഷേധ സമരത്തിനെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

Full View
Tags:    

Similar News