കോവിഡ് നിയന്ത്രണം ലംഘിച്ചു: വനിതാ ലീഗ് നേതാവ് നൂര്‍ബിന റഷീദിനെതിരെ കേസ്

Update: 2020-03-29 05:46 GMT
Advertising

കോവിഡ് 19 ഭാഗമായുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് വനിതാ ലീഗ് നേതാവ് നൂര്‍ബിന റഷീദിനെതിരെ പൊലീസ് കേസെടുത്തു. വിദേശത്ത് നിന്നെത്തി നിരീക്ഷണത്തില്‍ കഴിയേണ്ട മകന്റെ സാന്നിദ്ധ്യത്തില്‍ മകളുടെ വിവാഹം നടത്തിയതിനാണ് നൂര്‍ബീന റഷീദിനും കുടുംബത്തിനും എതിരെ ചേവായൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഈ മാസം 21നാണ് നൂര്‍ബീന റഷീദിന്റെ മകളുടെ നിക്കാഹ് വീട്ടില്‍ വെച്ച് നടന്നത്. ഇതില്‍ 50 അധികം ആളുകള്‍ പങ്കെടുത്തു. അമേരിക്കയില്‍ നിന്നും വന്ന മകന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. വിദേശത്ത് നിന്ന് വന്നയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയേണ്ട കാലപരിധി ഈ സമയത്ത് അവസാനിച്ചിരുന്നില്ലെന്നാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ പരാതിയുടെ കാതല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് നൂര്‍ബീനയ്ക്കും കുടുംബത്തിനും എതിരെ പകര്‍ച്ച വ്യാധികള്‍ പകരുമെന്ന് അറിഞ്ഞ് കൊണ്ട് പ്രവര്‍ത്തിച്ചുവെന്നത് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കേസ് എടുത്തത്.

എന്നാല്‍ തനിക്കെതിരായ കേസിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകളാണെന്നാണ് നൂര്‍ബീനയുടെ ആരോപണം. മകന് ഹോം ക്വാറന്‍റൈന്‍ നിര്‍ദേശിച്ചിരുന്നില്ലെന്നും നൂര്‍ബീന മീഡിയവണിനോട് പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ പരാതിയില്‍ കേസ് എടുത്ത ചേവായൂര്‍ പോലീസ് മൊഴിയെടുക്കുന്നതടക്കമുള്ള തുടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും.

Tags:    

Similar News