ആർഎസ്എസ് ഇന്ത്യയിലെ പ്രധാനപ്പെട്ട ഫാഷിസ്റ്റ് സംഘടന, ഇതിൽ ഒരുവാക്ക് വിഴുങ്ങുന്നവർ ഫാഷിസവുമായി ഐക്യപ്പെടുന്നവർ: വി.ടി ബൽറാം
ആർഎസ്എസ് ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട സംഘടനയാണ്. അതിന്റെ നേതാക്കളെ ആരെങ്കിലും വ്യക്തിപരമായി കണ്ടാൽ തെറ്റില്ല എന്നായിരുന്നു ഷംസീറിന്റെ പ്രതികരണം.
കോഴിക്കോട്: സ്പീക്കർ എ.എൻ ഷംസീറിന്റെ ആർഎസ്എസ് പരാമർശത്തിൽ വിമർശനവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം. ആർഎസ്എസ് ഇന്ത്യയിലെ പ്രധാനപ്പെട്ട ഫാഷിസ്റ്റ് സംഘടനയാണെന്നും ഇതിൽ ഒരു വാക്ക് വിഴുങ്ങുകയോ പറയാൻ ഭയപ്പെടുകയോ ചെയ്യുന്നവർ ഫാഷിസ്റ്റ് രാഷ്ട്രീയത്തോട് ഐക്യപ്പെടുന്നവരാണെന്നും ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ആർഎസ്എസ് ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട ഫാഷിസ്റ്റ് സംഘടനയാണ്. മേൽപ്പറഞ്ഞതിൽ നിന്ന് ഏതെങ്കിലും ഒരു വാക്ക് ആരെങ്കിലും വിഴുങ്ങിയിട്ടുണ്ടെങ്കിൽ, പറയാൻ ധൈര്യപ്പെടാതിരിക്കുന്നുവെങ്കിൽ, അവരും ആ ഫാഷിസ്റ്റ് രാഷ്ട്രീയത്തോട് ഐക്യപ്പെടുന്നവരാണ്.
എഡിജിപി എം.ആർ അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനെ ന്യായീകരിച്ചുകൊണ്ട് ഷംസീർ നടത്തിയ പരാമർശമാണ് വിവാദമായത്. ആർഎസ്എസ് രാജ്യത്തെ പ്രധാപ്പെട്ട സംഘടനയാണ്. സുഹൃത്താണ് തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് എഡിജിപി തന്നെ പറഞ്ഞിട്ടുണ്ട്. ആർഎസ്എസ് നേതാക്കളെ ആരെങ്കിലും വ്യക്തിപരമായി കണ്ടാൽ തെറ്റുപറയാനാവില്ലെന്നും ഷസീർ പറഞ്ഞിരുന്നു.