തകര്‍ന്ന് വീഴാറായ വീട്ടില്‍ പേടിയോടെ വൃദ്ധസഹോദരിമാര്‍; മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്ന് സുമനസ്സുകള്‍ സഹായവുമായെത്തി
വെള്ളിമാട് കുന്നിലെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.
തകര്‍ന്ന് വീഴാറായ വീട്ടില്‍ പേടിയോടെ താമസിച്ചിരുന്ന കോഴിക്കോട് വെള്ളിമാട് കുന്നിലെ വൃദ്ധസഹോദരികള്‍ക്ക് ഇനി സ്വസ്ഥമായുറങ്ങാം. മീഡിയവണ്‍ വാര്‍ത്തയിലൂടെ ഇവരുടെ വിഷമം കണ്ടറിഞ്ഞ ചിലരാണ് വീടിന്‍റ അറ്റകുറ്റ പണികള്‍ നടത്താനായി എത്തിയത്. വെള്ളിമാട് കുന്നിലെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. മീഡിയവണ്‍ ഇംപാക്ട്.
വീടിന്‍റെ മേല്‍ക്കൂര മുഴുവന്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു വെള്ളിമാട് കുന്നിലെ വീട്ടില്‍ ആദ്യമെത്തുമ്പോള്‍. വാര്‍ത്തയെ തുടര്‍ന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ചിലര്‍ ഇവരെ സഹായിക്കാനെത്തി. മേല്‍ക്കൂര നാട്ടുകാരുടെ സഹായത്തോടെ മാറ്റി.
നിലവിലെ വീടിനോട് ചേര്‍ന്ന് പുതിയ അടുക്കളയും ബാത്ത്റൂമും നിര്‍മ്മിക്കുന്ന ജോലി നടക്കുന്നു. വെള്ളിമാട്കുന്നിലെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരാണ് എല്ലാത്തിനും മേല്‍നോട്ടം വഹിച്ചത്. അസുഖബാധിതര്‍ കൂടിയായ ഈ സഹോദരിമാരുടെ വീടും സ്ഥലവും മുത്തശ്ശിയുടെ പേരിലാണ്. അമ്മയുടെയും മുത്തശ്ശിയുടെയും മരണ സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ വീടിന്‍റെ അറ്റകുറ്റപണിക്ക് പോലും സര്‍ക്കാര്‍ സഹായം ലഭിച്ചിരുന്നില്ല.