സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലേക്ക്
ഭരണസമിതിക്ക് പകരം സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതാണ് അഡ്മിനിസ്ട്രേറ്റീവ് ഭരണം
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ നവംബര്‍ 12 ന് ശേഷം ഉദ്യോഗസ്ഥ ഭരണത്തിലേക്ക് പോകും. ഭരണസമിതിക്ക് പകരം സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതാണ് അഡ്മിനിസ്ട്രേറ്റീവ് ഭരണം. ഉദ്യോഗസ്ഥ ഭരണത്തിന് ആറ് മാസത്തെ കാലാവധിയാണുള്ളത്. പഞ്ചായത്തീരാജ് ആക്ടിലെ സെക്ഷന്‍ 151 (2)ലാണ് ഉദ്യോഗസ്ഥ ഭരണത്തെക്കുറിച്ച് പറയുന്നത്.
ഒരു ഭരണസമിതിയുടെ കാലാവധി തീരുന്നതിന്‍റെ പിറ്റേദിവസം പുതിയ ഭരണസമിതി അധികാരമേറ്റില്ലെങ്കില്‍ തദ്ദേശസ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥഭരണത്തിലേക്ക് പോകണമെന്നാണ് ചട്ടം. അതായത് നിലവില്‍ തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമതിയുടെ കാലാവധി നവംബര്‍ 11 ന് അര്‍ധരാത്രി അവസാനിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടുന്നത് കൊണ്ട് 12 ന് പുതിയ ഭരണസമതി ചുമതലയേക്കില്ല. ഇതോടെ കേരളത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളും ഉദ്യോഗസ്ഥ ഭരണത്തിലാകും.
ഇതിനായി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കണം. ഒരു ഗസ്റ്റഡ് ഓഫീസറെയോ അല്ലെങ്കില്‍ മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ കുറയാത്ത അഡ്മിനിസ്ര്ടേറ്റീവ് കമ്മിറ്റിയെയോ നിയോഗിക്കണം. ഇത്തരത്തില്‍ നിയമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് തദ്ദേശസ്ഥാപന അധ്യക്ഷന്‍മാരുടേയും കമ്മീറ്റികളുടേയും അധികാരങ്ങളുണ്ടാകും. നിലവില്‍ ജനപ്രതിനിധികള്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും എടുക്കാന്‍ ചുമതലപ്പെട്ട ഉദ്യോസ്ഥര്‍ക്ക് അധികാരമുണ്ട്.