'മുഖ്യമന്ത്രി പിണറായി വിജയന്‍റെ കാല് പിടിക്കേണ്ട കാര്യമില്ലായിരുന്നു'; വാളയാര്‍ കുട്ടികളുടെ അമ്മ

ധര്‍മ്മടം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന വാളയാര്‍ കുട്ടികളുടെ അമ്മ ഇന്ന് മുതല്‍ പ്രചാരണത്തിനിറങ്ങും

Update: 2021-03-25 07:40 GMT
Advertising

മുഖ്യമന്ത്രി പിണറായി വിജയന്‍റെ കാല് പിടിക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നതായി വാളയാര്‍ കുട്ടികളുടെ അമ്മ. ഇന്നും സര്‍ക്കാര്‍ സി.ബി.ഐക്ക് ഫയലുകള്‍ കൈമാറിയിട്ടില്ലെന്നും തുടരന്വേഷണമാണോ പുനരന്വേഷണമാണോ കേസില്‍ നടത്തേണ്ടതെന്ന ആശയക്കുഴപ്പത്തിലാണ് സി.ബി.ഐയെന്നും അവര്‍ പറഞ്ഞു.

സര്‍ക്കാരും കോടതിയും പൊലീസുകാര്‍ കുറ്റക്കാരാണെന്ന് സമ്മതിച്ചിട്ടും എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്നും പട്ടികജാതിക്കാരിയോ പാവങ്ങളോ ആയത് കൊണ്ടാണോ തങ്ങളെ അപമാനിക്കുന്നതെന്നും അവര്‍ ചോദിച്ചു. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് യന്ത്രമാക്കി മാറ്റിയിട്ട് മറന്നുകളയുന്നത് എന്തുകൊണ്ടാണ്. ഇതൊക്കെ നേരില്‍ ചോദിക്കാന്‍ കിട്ടിയ അവസരമാണ് തെരഞ്ഞെടുപ്പെന്നും വാളയാര്‍ കുട്ടികളുടെ അമ്മ പറഞ്ഞു.

താന്‍ മത്സരിക്കുകയാണെങ്കില്‍ പെറ്റിക്കോട്ട് ചിഹ്നമായി വാങ്ങിക്കാമെന്ന് ആലോചിച്ചിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആ ചിഹ്നം അനുവദിച്ചപ്പോള്‍ തന്നെ താന്‍ വിജയിച്ചുവെന്നും വാളയാര്‍ കുട്ടികളുടെ അമ്മ പറഞ്ഞു.

ധര്‍മ്മടം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന വാളയാര്‍ കുട്ടികളുടെ അമ്മ ഇന്ന് മുതല്‍ പ്രചാരണത്തിനിറങ്ങും. കുഞ്ഞുടുപ്പാണ് ചിഹ്നമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്. പ്രചരണത്തിന് പിന്തുണ പ്രഖ്യാപിച്ച് നടന്ന കൺവൻഷൻ ഡോ. പി ഗീത ഉദ്ഘാടനം ചെയ്തു. ഡോ. ആസാദ്, സി.ആര്‍ നീലകണ്ഠന്‍, വെളിയോട് വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News