രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്
ഇരട്ട വോട്ടുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പ്രതിപക്ഷനേതാവ്. അതിനിടെയാണ് സ്വന്തം വീട്ടിലെ ഇരട്ട വോട്ടിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നത്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 152 ആം ബൂത്തിലെ വോട്ടർ ആയ ദേവകിയമ്മയ്ക്ക് ഹരിപ്പാട് നഗരസഭയിലെ 51 ആം ബൂത്തിലും വോട്ട് ഉണ്ട്. ചെന്നിത്തല പഞ്ചായത്തിൽനിന്ന് അടുത്തിടെയാണ് അമ്മയുടെയും രമേശിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട് ഹരിപ്പാട് ക്യാമ്പ് ഓഫീസ് വിലാസത്തിലേക്ക് മാറ്റിയത്. കുടുംബത്തിലെ മറ്റു എല്ലാവരുടെയും വോട്ടുകൾ ചെന്നിത്തല പഞ്ചായത്തിൽ നിന്ന് നീക്കിയെങ്കിലും ദേവകി അമ്മയുടെ വോട്ട് മാത്രം നീക്കാതെ അവശേഷിക്കുകയായിരുന്നു.
ഇതിനായി അപേക്ഷ നൽകിയിരുന്നു എന്നും അധികൃതരുടെ വീഴ്ചയാണ് പിഴവിന് പിന്നിൽ എന്നും ചെന്നിത്തല പറഞ്ഞു. ഇരട്ട വോട്ടുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സ്വന്തം വീട്ടിലെ ഇരട്ട വോട്ടിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നത്.
കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ.എസ്.എസ്. ലാലിനും ഇരട്ട വോട്ടെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്. വട്ടിയൂർക്കാവിലെ 170 നമ്പർ ബൂത്തിൽ 2 വോട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയെന്നാണ് എസ്.എസ്. ലാലിന്‍റെയും വിശദീകരണം.
പെരുമ്പാവൂർ സിറ്റിങ് എം.എൽ.എയും മണ്ഡലത്തിലെ നിലവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ എൽദോസ് കുന്നപ്പിള്ളിക്കും ഇരട്ടവോട്ടെന്ന് കണ്ടെത്തിയിരുന്നു. പെരുമ്പാവൂർ മണ്ഡലത്തിലും മൂവാറ്റുപുഴ മണ്ഡലത്തിലുമാണ് എല്‍ദോസ് കുന്നപ്പിള്ളിക്ക് വോട്ടുള്ളത്. എം.എല്‍.എയുടെ പേര് രണ്ടിടത്തെ വോട്ടര്‍ പട്ടികയില്‍ ഇടംനേടിയപ്പോള്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ ഭാര്യയായ മറിയാമ്മ എബ്രഹാമിന് മൂന്നിടത്താണ് വോട്ടുള്ളത്.
പെരുമ്പാവൂർ മണ്ഡലത്തിലെ രായമംഗം പഞ്ചായത്തിലും മുവാറ്റുപുഴ മണ്ഡലത്തിലെ ആരക്കുഴ, മാറാടി പഞ്ചായത്തുകളിലുമാണ് മറിയാമ്മ എബ്രഹാമിന്‍റെ പേര് വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചത്. ഉദ്യോഗസ്ഥർക്ക് സംഭവിച്ച പിഴവാണിതെന്നാണ് എൽദോസ് കുന്നപ്പിള്ളിയുടെ വിശദീകരണം. എന്നാല്‍ ഭരണകക്ഷിയായ ഇടതുപക്ഷം വ്യാപകമായി കള്ളവോട്ടിന് പദ്ധതിയിടുന്നു എന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതിനിടെ കോണ്‍ഗ്രസ് എം.എല്‍.എയുടെ പേര് തന്നെ രണ്ടിടത്തെ വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചത് ഇടതുമുന്നണി ചര്‍ച്ചയാക്കുന്നുണ്ട്.
സംസ്ഥാനത്താകെ നാല് ലക്ഷം വ്യാജ വോട്ടര്‍മാരെ സി.പി.എം തയ്യാറാക്കിയെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫും ആരോപിച്ചിരുന്നത്. വ്യാജ വോട്ടര്‍മാരെ ചേര്‍ത്തത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. പ്രതിപക്ഷത്തിന്‍റെ പരാതിയില്‍ കേരളത്തിലെ വോട്ടർ പട്ടികയിലെ ക്രമക്കേട് പരിശോധിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക ഉദ്യോഗസ്ഥനെയും നിയമിച്ചിട്ടുണ്ട്.