ഇഡിക്കെതിരെ വീണ്ടും കേസെടുത്ത് ക്രൈംബ്രാഞ്ച്; മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചെന്ന് വെളിപ്പെടുത്തൽ
മൂന്നാം പ്രതി സന്ദീപ് നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചെന്ന വെളിപ്പെടുത്തലിൽ ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തു. പ്രതി സന്ദീപ് നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അഭിഭാഷകൻ കൈമാറിയ പരാതിയിലാണ് കേസ്.
സ്വർണക്കടത്ത് കേസിൽ ഇഡിക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് സംസ്ഥാനം. കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ പ്രതി സ്വപ്നയെ നിർബന്ധിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേര് പറയാൻ നിർബന്ധിച്ചെന്ന മൂന്നാം പ്രതി സന്ദീപ് നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സന്ദീപ് നായർ നേരത്തെ എറണാകുളം ജില്ല സെഷൻസ് ജഡ്ജിക്ക് കത്തയച്ചിരുന്നു. കത്തിലുള്ള കാര്യങ്ങൾ വിശദീകരിച്ച് ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് സന്ദീപ് നായരുടെ അഭിഭാഷൻ ഡിജിപിക്ക് പരാതി നൽകി.
പരാതിയിൽ നിയമോപദേശം തേടിയ ശേഷമാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് യൂണിറ്റ് കേസെടുത്തിരിക്കുന്നത്. ആദ്യ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റിലെ പ്രത്യേക സംഘത്തിന് പുതിയ കേസും കൈമാറും. ക്രൈംബ്രാഞ്ച് നടപടിക്കെതിരെ ഇഡി വീണ്ടും കോടതിയെ സമീപിച്ചേക്കും.