വട്ടിയൂര്‍ക്കാവ് മണ്ഡലം; മൂന്നില്‍ ഒന്നാമതാര്?
അവസാനലാപ്പിലേക്ക് എത്തിയതോടെ മൂന്ന് മുന്നണികളും ഇഞ്ചോടിഞ്ച് പ്രകടനമാണ് മണ്ഡലത്തില്‍ നടത്തുന്നത്.
തിരുവന്തപുരം നോര്‍ത്ത് എന്നറിയപ്പെട്ടിരുന്ന മണ്ഡലം 2011 ലെ പുനസംഘടനയോടെയാണ് വട്ടിയൂര്‍ക്കാവായി മാറിയത്. വട്ടിയൂര്‍ക്കാവ്, കുടപ്പനക്കുന്ന് പഞ്ചായത്തുകളും കോര്‍പ്പറേഷനിലെ 10 വാര്‍ഡുകളും ശാസ്തമംഗലം, കുന്നുകുഴി, നന്തന്‍കോട്, കണ്ണമൂല വാര്‍ഡുകളും ചേര്‍ന്നാണ് വട്ടിയൂര്‍ക്കാവ് മണ്ഡലം നിലവില്‍ വന്നത്. പഞ്ചായത്തുകള്‍ കോര്‍പ്പറേഷനോട് കൂട്ടിച്ചേര്‍ത്തതോടെ 24 വാര്‍ഡുകളും നാലാഞ്ചിറ വാര്‍ഡിന്‍റെ പകുതിയും മണ്ഡലത്തിലായി.
മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം സര്‍വ്വം കോണ്‍ഗ്രസ്:
മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷം നടന്ന 2011ലേയും 2016ലേയും തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ മുരളീധരന്‍ വെന്നിക്കൊടി പാറിച്ചു. വടകര ലോക് സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ജയിച്ചതോടെ മുരളീധരന്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു. തുടര്‍ന്ന നടന്ന ഉപതെരഞ്ഞെടുപ്പില്‍ മിന്നുന്ന ജയത്തോടെ ഇടത് മുന്നണി മണ്ഡലം പിടിച്ചെടുത്തു.
പ്രശാന്തിലൂടെ ഇടത്തേക്ക്
മേയറായിരിക്കെ ജനകീയ പ്രതിച്ഛായ വര്‍ധിപ്പിച്ച വികെ പ്രശാന്തിലൂടെയാണ് ഇടതിന്‍റെ വിജയം വട്ടിയൂര്‍ക്കാവിലുണ്ടായത്. വീണ്ടും നിയമസഭ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ പ്രശാന്തിനെയല്ലാതെ മറ്റൊരു പേരും ഇടത് ക്യാമ്പില്‍ ഉയര്‍ന്നില്ല.16 മാസക്കാലം കൊണ്ട് മണ്ഡലത്തില്‍ നടപ്പാക്കിയ വികസനകാര്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രശാന്തിന്‍റെ വോട്ട് തേടല്‍. പാര്‍ട്ടിക്ക് അതീതമായി വിവിധ വിഭാഗങ്ങളിലെ പിന്തുണ ആര്‍ജ്ജിക്കാനും പ്രശാന്തിനായത് ഇത്തവണയും ഗുണം ചെയ്യുമെന്നാണ് മുന്നണി കണക്ക് കൂട്ടല്‍. മറ്റ് രണ്ട് മുന്നണികളും ശക്തമായ പ്രചരണവുമായി രംഗത്തുള്ളത് കൊണ്ട് അതീവ ജാഗ്രതയോടെയാണ് ഇടത് മുന്നണിയുടെ പ്രചരണം. കോണ്‍ഗ്രസ് വോട്ട് ബിജെപിയിലേക്ക് മറിക്കുമെന്ന പ്രചരണം എല്‍ഡിഎഫ് മണ്ഡലത്തില്‍ നടത്തുന്നുണ്ട്.
വീണ വീഴുമോ, വാഴുമോ?
കെ. മുരളീധരന്‍റെ വരവാണ് മണ്ഡലം തിരിച്ചു പിടിക്കാൻ കോൺഗ്രസിനെ സഹായിച്ചതെങ്കിൽ മുരളിയുടെ മടങ്ങിപ്പോക്കോടെ സംഘടന സംവിധാനം ദുര്‍ബലമായി. മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥി വേണമെന്ന നേതാക്കളുടെ അഭിപ്രായം പരിഗണിച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ നായര്‍ക്ക് സീറ്റ് ലഭിച്ചത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യം കുറവാണെന്ന വിമര്‍ശനവും വീണക്ക് ഗുണമായി. മുരളീധരനു കിട്ടിയ നിഷ്പക്ഷ വോട്ടുകള്‍ ഉപതിരഞ്ഞെടുപ്പിൽ ലഭിച്ചിരുന്നില്ല. നായർ, ന്യൂനപക്ഷ വോട്ടുകളിലുണ്ടായ ചോര്‍ച്ച ഇത്തവണ പരിഹരിക്കാന്‍ കഴിയുമെന്നാണ് നേതൃത്വത്തിന്‍റെ വിശ്വാസം. ദിവസങ്ങള്‍ക്കുള്ളില്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം ഓടിയെത്താന്‍ വീണയ്ക്ക് കഴിഞ്ഞുവെന്നും യുഡിഎഫ് വിലയിരുത്തുന്നുണ്ട്. എന്നാല്‍ മുരളീധരന്‍ നേമത്ത് മത്സരിക്കാന്‍ പോയതോടെ വട്ടിയൂര്‍ക്കാവിലെ പ്രവര്‍ത്തകര്‍ നേമത്തേക്ക് മാറിയെന്ന ആശങ്ക നേതൃതലത്തിലുണ്ട്.
ബി.ജെ.പിയുടെ കണക്കുകൂട്ടലുകള്‍
2016 ലെ തെരഞ്ഞെടുപ്പില്‍ കുമ്മനം രണ്ടാമതെത്തിയ മണ്ഡലം പിടിക്കാൻ ബിജെപി രംഗത്തിറക്കിയിരിക്കുന്നത് ജില്ലാ പ്രസിഡന്‍റ് വി.വി. രാജേഷിനെയാണ്. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടതിന് ശേഷം മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വി.വി രാജേഷ് നല്ല ആത്മവിശ്വാസത്തിലാണ്. നായര്‍ സമുദായം കൂടുതലുള്ള മണ്ഡലത്തില്‍ അത് തങ്ങള്‍ക്കനുകൂലമാകുമെന്ന കണക്ക് കൂട്ടലിലാണ് ബിജെപി നേതൃത്വം. എന്നാല്‍ മുന്നോക്ക വിഭാഗത്തിന്‍റെ വോട്ട് പ്രതീക്ഷിക്കുമ്പോള്‍ ന്യൂനപക്ഷവോട്ടുകള്‍ അനുകൂലമാകുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
അവസാനലാപ്പ് നിര്‍ണായകം
നിലവിലെ സാഹചര്യത്തില്‍ എങ്ങനെയാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ ചിന്തിക്കുക എന്ന് മുന്നണികള്‍ക്ക് എത്തും പിടിയുമില്ലാത്ത സാഹചര്യമാണ് ഉള്ളത്. ഉപതെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞതും പ്രശാന്തിന്‍റെ സ്വീകാര്യതയും നേട്ടങ്ങളായി ഇടത് മുന്നണി കാണുന്നു. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയതും, നാട്ടുകാരി എന്ന പരിഗണനയും വീണക്ക് ലഭിക്കുമെന്ന കണക്ക് കൂട്ടലിലാണ് കോണ്‍ഗ്രസ്. ലോക് സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാമതെത്തിയതാണ് ബിജെപിയുടെ ആത്മവിശ്വാസത്തിന് കാരണം. എന്തായാലും അവസാനലാപ്പിലേക്ക് എത്തിയതോടെ മൂന്ന് മുന്നണികളും ഇഞ്ചോടിഞ്ച് പ്രകടനമാണ് മണ്ഡലത്തില്‍ നടത്തുന്നത്. മൂന്ന് പേരും അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവസാനനിമിഷത്തെ അടിയൊഴുക്കുകള്‍ തങ്ങള്‍ക്കനൂകൂലമാകുമെന്ന വിശ്വാസത്തിലാണ് മുന്നണികള്‍.