കണ്ണൂരിലെ ഒൻപതുവയസുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്
അമ്മ വാഹിദയെ പൊലീസ് കസ്റ്റഡിയിലെടുത്തു
കണ്ണൂരിലെ ഒൻപതുവയസുകാരിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ അമ്മ വാഹിദയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് അൽപസമയത്തിനകം രേഖപ്പെടുത്തുമെന്ന് കണ്ണൂർ ടൗൺ ഡിവൈഎസ്പി അറിയിച്ചു.
ഇന്ന് ഉച്ചയ്ക്കാണ് കണ്ണൂർ ചാലാട്ടിൽ ഒൻപതുവയസുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടക് സ്വദേശികളായ രാജേഷ്-വാഹിദ ദമ്പതികളുടെ മകൾ അവന്തികയാണ് മരിച്ചത്. അതിഥി തൊഴിലാളികളാണ് രാജേഷും വാഹിദയും. കുഞ്ഞ് മരിക്കുന്നതിനുമുൻപ് മാതാപിതാക്കൾ തമ്മിൽ തർക്കമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോയാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പുറത്തുപോയിരുന്ന പിതാവ് രാജേഷ് രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തിനു പിന്നാലെ തന്നെ രാജേഷ് സംഭവത്തില്‍ പൊലീസിനോട് സംശയം പ്രകടിപ്പിച്ചിരുന്നു. മാതാവ് തന്നെയായിരിക്കും സംഭവത്തിനു പിന്നിലെന്നാണ് രാജേഷ് പൊലീസിന് മൊഴിനൽകിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാഹിദ കുട്ടിയെ മർദിക്കുകയും കുട്ടിയുമായി വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. ഇതാണ് സംശയത്തിലേക്ക് നയിച്ചത്. രാജേഷിന്‍റെ മൊഴി ഗൌരവമായെടുത്താണ് പൊലീസ് മാതാവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തത്. ആദ്യഘട്ടത്തിലൊന്നും ഇവർ ചോദ്യംചെയ്യലുമായി സഹകരിച്ചിരുന്നില്ല. കുട്ടി മരിച്ച വിവരവും ഇവർ അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറയുന്നു.
കുട്ടിയെ കഴുത്ത് ഞെരിച്ചുകൊല്ലുകയായിരുന്നുവെന്ന് അമ്മ വാഹിദ സമ്മതിച്ചിട്ടുണ്ട്. ഇവർക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു. ഇതിന് മരുന്നുകഴിച്ചുവരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.