'ലൈംഗിക പീഡനത്തിനിരയാകുന്നവർക്ക് മാനസിക പിന്തുണ ഉറപ്പുവരുത്താൻ സമഗ്രമായ പ്രോട്ടോക്കോൾ വേണം'; ഹൈക്കോടതി

പീഡനക്കേസ് ഒത്തു തീർപ്പാക്കാൻ പൊലീസ് നിർബന്ധിക്കുന്നെന്നാരോപിച്ച് ഒരു കേസിലെ ഇര നൽകിയ ഹരജിയിലാണ് ഉത്തരവ്

Update: 2022-07-24 02:10 GMT
Editor : ijas
Advertising

കൊച്ചി: ലൈംഗിക പീഡനത്തിനിരയാകുന്നവർക്ക് മാനസിക പിന്തുണ ഉറപ്പു വരുത്താൻ സമഗ്രമായ പ്രോട്ടോക്കോൾ വേണമെന്ന് ഹൈകോടതി. മെഡിക്കൽ, നിയമ സഹായങ്ങൾ ലഭ്യമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പത്ത് നിർദേശങ്ങളടങ്ങിയ ഉത്തരവാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുറപ്പെടുവിച്ചത്. അടിയന്തര സഹായം തേടി വിളിക്കാൻ 112 എന്ന ടോൾ ഫ്രീ നമ്പർ സർക്കാർ വ്യാപകമായി പ്രചരിപ്പിക്കണമെന്നതടക്കമുള്ള പത്തു നിർദേശമാണ് കോടതിയുടേത്. പീഡനക്കേസ് ഒത്തു തീർപ്പാക്കാൻ പൊലീസ് നിർബന്ധിക്കുന്നെന്നാരോപിച്ച് ഒരു കേസിലെ ഇര നൽകിയ ഹരജിയിലാണ് ഉത്തരവ്.

Full View

ഇരകളുടെ കോളുകൾ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചവരെ നിയോഗിക്കണം. പീഡനത്തെക്കുറിച്ച് വിവരം ലഭിച്ചാൽ ഇരയെ ബന്ധപ്പെടാൻ പൊലീസ് സ്റ്റേഷനിൽ നിന്ന് അടിയന്തര നടപടിയെടുക്കണം. ഇരയെ സ്റ്റേഷനിലേക്കു വിളിച്ചു വരുത്താതെ നേരിൽ കാണുകയോ ഫോണിൽ വിളിക്കുകയോ ചെയ്യണം. വീട്ടിലെത്തിയോ ഇര ആവശ്യപ്പെടുന്ന സ്ഥലത്തെത്തിയോ വേണം മൊഴി രേഖപ്പെടുത്താൻ. രക്ഷിതാക്കളുടെയോ അടുത്ത ബന്ധുക്കളുടെയോ സാമൂഹ്യ പ്രവർത്തകന്‍റെയോ സാന്നിധ്യത്തിലാവണം മൊഴിയെടുപ്പ്. കേസെടുത്താൽ ഇരക്ക് സംരക്ഷണവും പിന്തുണയും നൽകാൻ വിക്ടിം ലെയ്സൺ ഓഫീസറെ ചുമതലപ്പെടുത്തണം. മാനസികവും ശാരീരികവുമായ പരിചരണം ഉറപ്പു വരുത്താൻ വൺ സ്റ്റോപ്പ് ക്രൈസിസ് സെന്‍ററിന്‍റെയും വിക്ടിം റൈറ്റ് സെന്‍ററിന്‍റെയും നമ്പറുകൾ ഇരക്ക് നൽകണം. ഇര ഏതു സമയത്ത് ആവശ്യപ്പെട്ടാലും സഹായം നൽകാൻ കഴിയുന്ന തരത്തിൽ 24 മണിക്കൂറും ഈ സെന്‍ററുകളുടെ സേവനം ഉറപ്പു വരുത്തണം. വൺ സ്റ്റോപ്പ് ക്രൈസിസ് സെന്‍റര്‍, വിക്ടിം റൈറ്റ് സെന്‍റര്‍ എന്നിവിടങ്ങളിൽ നിയമസഹായവും ഉറപ്പാക്കണം. അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം. വിചാരണ വരെ ഈ നടപടികളെല്ലാം തുടരണം. രഹസ്യമൊഴി നൽകുന്നതിനുളള നടപടികളിലും സഹായം നൽകണമെന്നും ഉത്തരവിൽ പറയുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News