പ്രവാസ ജീവിതം തുടരുമ്പോഴും കർഷക മനസ് കാത്തു സൂക്ഷിച്ചവരുടെ ഒരു കൂട്ടായ്മ
പ്രവാസജീവിതത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയാൽ എന്ത് എന്ന ശക്തമായ ചിന്തയാണ് കൂട്ടമായൊരു സംരംഭം തുടങ്ങാം എന്ന ആശയത്തിൽ എത്തിച്ചത്
എറണാകുളം: പ്രവാസ ജീവിതം തുടരുമ്പോഴും കർഷക മനസ് കാത്തു സൂക്ഷിച്ചവരുടെ ഒരു കൂട്ടായ്മയുണ്ട് കോതമംഗലം കോട്ടപ്പടി പഞ്ചായത്തിൽ. പ്രവാസികളും പ്രവാസികളായിരുന്നവരും ചേർന്ന് അത്യാധുനിക ഡയറി ഫാമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രവാസജീവിതത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയാൽ എന്ത് എന്ന ശക്തമായ ചിന്തയാണ് കൂട്ടമായൊരു സംരംഭം തുടങ്ങാം എന്ന ആശയത്തിൽ എത്തിച്ചത്.
പ്രവാസികളും പ്രവാസികളായിരുന്നവരുമായ 200 അധികം പേർ ചേർന്ന് പ്രവാസി റിഹാബിലിറ്റീസ് വെന്‍ച്വര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് രൂപം കൊടുത്തു. വാവേലിയിലെ ആറ് ഏക്കർ സ്ഥലത്ത് മികച്ച കറവയുള്ള ഐറിഷ് പശുക്കളായ ഹോൾസ്റ്റീൻ ഫ്രിസ്സിൻ ഇനത്തിൽപെട്ട 100 ലേറെ പശുക്കളാണ് ഫാമിലുള്ളത്. നാലാം വർഷത്തിലേക്ക് പ്രവേശിച്ച ഫാമിൽ പാൽ വിപണത്തിനൊപ്പം പാൽ മൂല്യവർദ്ധിത ഉത്പന്നങ്ങളായ നെയ്യ് ,തൈര്, സംഭാരം, ക്രീം എന്നിവയുടെ ഉത്പാദനവുമുണ്ട്. അഞ്ഞൂറോളം പശുക്കളെ ഉൾപ്പെടുത്തിക്കൊണ്ട് ഫാം കൂടുതൽ വിപുലീകരിക്കാനാണ് പദ്ധതി.