സിപിഎം നേതാവ് എ.സമ്പത്തിന്‍റെ സഹോദരൻ കസ്തൂരി ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്‍റ്
ഞായറാഴ്ച നടന്ന പ്രതിനിധി സമ്മേളനത്തിലാണ് കസ്തൂരിയെ തെരഞ്ഞെടുത്തത്


തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സിപിഎം നേതാവും മുൻ എംപിയും എംഎൽഎയുമായിരുന്ന കെ. അനിരുദ്ധന്‍റെ മകൻ എ. കസ്തൂരി ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ല അധ്യക്ഷനായി ചുമതലയേറ്റു. ഹിന്ദു ഐക്യവേദി നേതാവായ കെ.പി ശശികല ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കസ്തൂരി ചുമതലയേറ്റ വിവരം അറിയിച്ചത്. സിപിഎം മുൻ എംപി എ. സമ്പത്തിന്‍റെ സഹോദരനാണ് എന്‍ജിനീയറായ എ.കസ്തൂരി. ഞായറാഴ്ച നടന്ന പ്രതിനിധി സമ്മേളനത്തിലാണ് കസ്തൂരിയെ തെരഞ്ഞെടുത്തത്.
തിരുവനന്തപുരം ജില്ലയില്‍ സിപിഎം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു കെ. അനിരുദ്ധന്‍. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമിതി അംഗമായിരുന്നു അദ്ദേഹം. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം നിന്നു.
മൂന്നു തവണ എംഎല്‍എയും ഒരു തവണ എംപിയും തിരുവനന്തപുരം ജില്ല കൗണ്‍സിലിന്റെ പ്രഥമ പ്രസിഡന്‍റുമായിരുന്നു. മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കറിനെതിരെ ജയിലില്‍ കിടന്നു മത്സരിച്ച് ജയിച്ച അനിരുദ്ധനെ 'ജയന്‍റ് കില്ലര്‍' എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. 2018 ഒക്ടോബർ അഞ്ചിനാണ് അനിരുദ്ധൻ അന്തരിച്ചത്.