'ഒന്നരമണിക്കൂർ കാത്ത് നിന്നിട്ട് ഇല്ലെന്ന് പറഞ്ഞ് സീൽവെച്ചുതരും'; കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്നുക്ഷാമം രൂക്ഷം
മരുന്നു കമ്പനികൾക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ നൽകുമെന്ന് പ്രഖ്യാപനവും വന്നെങ്കിലും രോഗികൾ ഇപ്പോഴും മരുന്നു കിട്ടാതെ വലയുകയാണ്


കോഴിക്കോട്: മരുന്നുവിതരണക്കാരുടെ പണം നല്കാമെന്ന പ്രഖ്യാപനം വന്നെങ്കിലും സംസ്ഥാനത്തെ ആശുപത്രികളിലെ മരുന്നുക്ഷാമം പരിഹരിച്ചിട്ടില്ല.കോഴിക്കോട് മെഡിക്കൽ കോളജിലെ രോഗികള്‍ ഇപ്പോഴും മരുന്നിനായി നെട്ടോട്ടത്തിലാണ്. സർക്കാർ ഫാർമസികളില്‍ മണിക്കൂറുകളോളം വരി നിന്ന് നിരാശരായി മടങ്ങേണ്ട അവസ്ഥയാണ് രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കുള്ളത്.
മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള സഹോദരിക്കായി മരുന്നു വാങ്ങാനിറങ്ങിയതാണ് ബിജോയ്. മെഡിക്കല്‍ കോളജ് ഫാർമസിയില്‍ മരുന്നില്ലാത്തതിനാലാണ് കാരുണ്യ ഫാർമസിയിലെത്തിയത്. ഏറെനേരം ക്യൂ നിന്ന് ശേഷം കിട്ടതാകട്ടെ മരുന്നില്ലെന്ന സീല്‍ മാത്രം.ഇവിടെയും തീരുന്നില്ല. നീതി മെഡിക്കല്‍ സ്റ്റോറിലേക്കാകും ഈ ക്യൂ നില്‍ക്കല്‍. അവിടെയും ഇതു തന്നെ അവസ്ഥ. പിന്നെ സ്വകാര്യ ഫാർമസികളില്‍ പോയി ഉയർന്ന വിലക്ക് മരുന്നുവാങ്ങണം. ഇത് ബിജോയിയുടെ മാത്രം പ്രശ്നമല്ല.കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തുന്ന സാധാരണക്കാരായ എല്ലാ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും അനുഭവമാണ്.
മരുന്നു കമ്പനികൾക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ നൽകുമെന്ന് പ്രഖ്യാപനവും വന്നെങ്കിലും രോഗികൾ ഇപ്പോഴും മരുന്നു കിട്ടാതെ വലയുകയാണ്. ആശുപത്രികളില്‍ മരുന്നുക്ഷാമമില്ലെന്ന നിയമസഭയിലെ മന്ത്രിമാരുടെ പ്രഖ്യാപനത്തിന്റെ അർഥമെന്തെന്നറിയാതെ പകച്ചു നില്കുകയാണ് സാധാരണക്കാരായ രോഗികള്‍.
വീഡിയോ സ്റ്റോറി കാണാം...