തൃശ്ശൂർ പൂരം: പ്രദർശന വാടക നിശ്ചയിക്കൽ നിലവിലുള്ള ധാരണ പ്രകാരം എന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ നിർദ്ദേശം പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ സ്വാഗതം ചെയ്തു
തിരുവനന്തപുരം: തൃശൂര്‍ പൂരം പ്രദര്‍ശനനഗരിയുടെ വാടകയെ ചൊല്ലി നിലനിന്ന പ്രതിസന്ധിയിൽ പരിഹാരം. നിലവിലുള്ള ധാരണ പ്രകാരം തന്നെ നിശ്ചയിച്ച് മുന്നോട്ട് പോകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മറ്റ് കാര്യങ്ങൾ പൂരത്തിനുശേഷം ചർച്ചചെയ്ത് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശം പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ സ്വാഗതം ചെയ്തു. ഇക്കാര്യം ആലോചിക്കാൻ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.
കൊച്ചിൻ ദേവസ്വം ബോർഡും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും തമ്മിൽ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണ പൂരം ഭംഗിയായി നടത്തണം. രാജ്യത്തെ തന്നെ പ്രധാന ശ്രദ്ധാകേന്ദ്രമാണ് തൃശ്ശൂർ പൂരം. പൂരം ഭംഗിയായി നടക്കുക നാടിന്റെ ആവശ്യമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഐക്കൺ ആണ് തൃശൂർ പൂരം. ഇതിൽ ഒരു വിവാദവും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ , റവന്യൂ മന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു, ടി എൻ പ്രതാപൻ എംപി, പി. ബാലചന്ദ്രൻ എംഎൽഎ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എംജി രാജമാണിക്യം, തിരുവമ്പാടി, പാറമേക്കാവ്, കൊച്ചിൻ ദേവസ്വം പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.