കേരള മീഡിയ അക്കാദമിയുടെ മികച്ച എഡിറ്റോറിയലിനുള്ള പുരസ്കാരം ‘മാധ്യമം’ ജോയിൻറ് എഡിറ്റര്‍ പി.ഐ.നൗഷാദ് ഏറ്റുവാങ്ങി

വ്യക്തിവിവര സുരക്ഷാ നിയമം: മരുന്ന് രോഗമാവുമ്പോൾ എന്ന എഡിറ്റോറിയലാണ് അവാർഡിനർഹമായത്

Update: 2024-11-20 04:44 GMT
Advertising

കാക്കനാട്: കേരള മീഡിയ അക്കാദമിയുടെ മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ പുരസ്കാരം മാധ്യമം ജോയിൻറ് എഡിറ്റര്‍ പി.ഐ. നൗഷാദ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൽ നിന്ന് ഏറ്റുവാങ്ങി. കേരള മീഡിയ അക്കാദമിയില്‍ നടന്ന ബിരുദ സമ്മേളന, മാധ്യമ അവാര്‍ഡ് സമര്‍പ്പണ ചടങ്ങിലാണ് പുരസ്കാരം സമർപിച്ചത്. വ്യക്തിവിവര സുരക്ഷാ നിയമം: മരുന്ന് രോഗമാവുമ്പോൾ എന്ന എഡിറ്റോറിയലാണ് പി.ഐ. നൗഷാദിനെ അവാർഡിന് അർഹനാക്കിയത്. മാധ്യമ പ്രവർത്തന മേഖലയിലേക്ക് ദലിത്‌ വിഭാഗത്തിൽ നിന്നും കൂടുതൽ പ്രതിനിധികൾ കടന്നു വരണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു അഭിപ്രായപ്പെട്ടു. പട്ടിക ജാതി- പട്ടിക വർഗ വിഭാഗം അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മാധ്യമങ്ങൾ വേണ്ട വിധം റിപ്പോർട്ട്‌ ചെയ്യാറില്ല. അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മാധ്യമങ്ങളിലേക്ക് കൊണ്ട് വരാൻ അവരിൽ നിന്ന് തന്നെ മാധ്യമ പ്രവർത്തകർ ഉണ്ടാവണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദലിത്‌ വിഭാഗത്തിൽ നിന്ന് മാധ്യമ പ്രവർത്തനത്തിലേക്ക് കടന്നു വരുന്ന കുട്ടികൾക്ക് പരീശീലന കാലഘട്ടത്തിൽ സർക്കാർ തലത്തിൽ നിന്നും പ്രത്യേക ഗ്രാൻഡ് അനുവദിക്കാനുള്ള പദ്ധതി ആലോചനയിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വേരന്‍ അവാര്‍ഡ് നാഷിഫ് അലിമിയാന്‍, മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ് മലയാള മനോരമ പൊന്നാനി ബ്യൂറോയിലെ ജിബീഷ് വൈലിപ്പാട്ട്, മികച്ച ഹ്യൂമണ്‍ ഇൻററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍. സത്യവ്രതന്‍ അവാര്‍ഡ് മലയാള മനോരമ ചീഫ് സബ് എഡിറ്റര്‍ ടി. അജീഷ്, കേരള മീഡിയ അക്കാദമിയുടെ ന്യൂസ് ഫോട്ടോഗ്രഫി അവാര്‍ഡ് മലയാള മനോരമ ഫോട്ടോഗ്രാഫര്‍ റിങ്കുരാജ് മട്ടാഞ്ചേരിക്കുവേണ്ടി അദ്ദേഹത്തിന്റെ മാതാവ്, കേരള മീഡിയ അക്കാദമിയുടെ മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് അമൃത ടി.വിയിലെ സി.എസ്. ബൈജു, ന്യൂസ് ഫോട്ടോഗ്രാഫിക്കുള്ള ജൂറിയുടെ പ്രത്യേക പുരസ്‌കാരം സാജന്‍ വി. നമ്പ്യാര്‍, ദൃശ്യ മാധ്യമത്തിനുള്ള ജൂറിയുടെ പ്രത്യേക പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ റിയ ബേബി എന്നിവര്‍ ഏറ്റുവാങ്ങി. മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ റാങ്ക് ജേതാക്കളും മന്ത്രിയില്‍ നിന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഇ.എസ്.സുഭാഷ്,സെക്രട്ടറി അനില്‍ ഭാസ്‌കര്‍,കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റും അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ കെ.പി.റെജി , ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ കെ.രാജഗോപാല്‍,അസി സെക്രട്ടറി പി.കെ വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News