വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളിൽ നീണ്ടനിര, പാലക്കാട്ട് വിജയപ്രതീക്ഷയിൽ മുന്നണികൾ
എൽഡിഎഫ് സ്ഥാനാർഥി പി സരിൻ അടക്കമുള്ളവർ വോട്ട് രേഖപ്പെടുത്താനായി ബൂത്തിലെത്തി
പാലക്കാട്: പാലക്കാട്ട് ഉപതെരഞ്ഞെടുപ്പ് ക്ലൈമാക്‌സിലേക്ക്. 184 ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ചു. എൽഡിഎഫ് സ്ഥാനാർഥി പി സരിൻ അടക്കമുള്ളവർ വോട്ട് രേഖപ്പെടുത്താനായി ബൂത്തിലെത്തി. രാഹുൽ മാങ്കൂട്ടത്തിലിന് മണ്ഡലത്തിൽ വോട്ടില്ല.
പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ, പഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിൽ 1,94,706 വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. എല്ലാ ബൂത്തുകളിലും മോക്ക് പോളിങ് അതിരാവിലെ തന്നെ പൂർത്തിയായിരുന്നു.
വലിയ ശുഭപ്രതീക്ഷയാണ് സ്ഥാനാർഥികളെല്ലാം തന്നെ പങ്കുവച്ചത്. വിവാദങ്ങളൊന്നും പാലക്കാട്ടുകാരെ ബാധിക്കില്ലെന്നും മതേതര നിലപാടാണ് പാലക്കാട്ടെ ജനതയ്‌ക്കെന്നും യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ജനങ്ങളെ വെല്ലുവിളിക്കുന്നവരെ ജനം തിരിച്ചറിയും എന്നായിരുന്നു എൽഡിഎഫ് സ്ഥാനാർഥി സരിന്റെ പ്രതികരണം. എൻഡിഎയുടെ വിജയം വഴി ചരിത്രപരമായ വിധിയെഴുത്തിന് പാലക്കാട് സാക്ഷിയാകുമെന്ന് സി. കൃഷ്ണകുമാറും പ്രതികരിച്ചു.