തിരുവല്ലയിൽ അമിത വേഗത്തിലെത്തിയ കാർ വഴിയോര കച്ചവടക്കാരനെ ഇടിച്ച് തെറിപ്പിച്ചു
തിരുവല്ല - കായംകുളം സംസ്ഥാനപാതയിൽ പുളിക്കീഴിലാണ് സംഭവം
പത്തനംതിട്ട: തിരുവല്ലയിൽ അമിത വേഗത്തിലെത്തിയ കാർ വഴിയോര കച്ചവടക്കാരനെ ഇടിച്ച് തെറിപ്പിച്ചു. തിരുവല്ല - കായംകുളം സംസ്ഥാനപാതയിൽ പുളിക്കീഴിലാണ് അപകടമുണ്ടായത്. തമിഴ്‌നാട് സ്വദേശിയായ വഴിയോര കച്ചവടക്കാരന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു.
വൈകുന്നേരം നാലുമണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ വഴിയോര കച്ചവടക്കാരൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നീരാറ്റുപുഴ വള്ളംകളി കഴിഞ്ഞ് മടങ്ങിയെത്തിയ നാലംഗ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടൻ തന്നെ ഈ നാലു പേരും ഓടി രക്ഷപ്പെടുകയായിരുന്നു. ചങ്ങനാശേരി ആർ.ടി.ഒക്ക് കീഴിയിൽ ചാക്കോ ഉലഹന്നാൻ എന്ന വ്യക്തിയുടെ പേരിലാണ് ഈ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. രക്ഷപ്പെട്ട ആളുകൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.