'സമരം ചെയ്യുന്നത് കമ്യൂണിസ്റ്റ് വിരുദ്ധന്മാർ'; ആശാ സമരത്തിനെതിരെ വീണ്ടും എ.വിജയരാഘവൻ
'ജമാഅത്തെ ഇസ്‌ലാമി, കോൺഗ്രസ്, ബിജെപി തുടങ്ങി സിപിഎം വിരുദ്ധർ ചേർന്ന് കുറച്ചു പേരെ കൊണ്ടിരുത്തിയാൽ സമരമാവില്ല'


ന്യൂഡല്‍ഹി: ആശമാരുടെ സമരത്തെ വീണ്ടും വിമർശിച്ച് സിപിഎം നേതാവ് എ.വിജയരാഘവൻ. ആശാ സമരം എല്ലാ ഇടതുപക്ഷ വിരുദ്ധരും മാധ്യമങ്ങളിലെ വലതുപക്ഷവും ചേർന്ന് നടത്തുന്നതാണെന്ന് വിജയരാഘവൻ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി, കോൺഗ്രസ്, ബിജെപി തുടങ്ങി സിപിഎം വിരുദ്ധർ ചേർന്ന് കുറച്ചു പേരെ കൊണ്ടിരുത്തിയാൽ സമരമാവില്ല. 90 ശതമാനം ആശമാരും സമരത്തിലില്ലെന്നും വിജയരാഘവൻ പറഞ്ഞു. കേന്ദ്രം സ്വീകരിക്കുന്നത് നിഷേധാത്മക സമീപനം.ഇൻസെൻ്റീവുകൾ വർധിപ്പിക്കുന്നതിൽ കൃത്യമായ ഉറപ്പ് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിജയരാഘവന് മറുപടിയുമായി ആശാപ്രവര്‍ത്തകര്‍ രംഗത്തെത്തി.സമരം ചെയ്യുന്നവരുടെ ജാതകം വിജയരാഘവന്‍ നോക്കേണ്ടതില്ലെന്ന് ആശാ സമരസമിതി നേതാവ് എസ്.മിനി പറഞ്ഞു. 'തൊഴിൽ എടുക്കുന്നതിന്റെ കൂലിയാണ് ആവശ്യപ്പെടുന്നത്.ഇത് നൽകാൻ സർക്കാരുകൾ തയ്യാറാകണം.കമ്മ്യൂണിസ്റ്റുകാരാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടതില്ല.കമ്മ്യൂണിസ്റ്റുകാർക്ക് മാത്രമാണോ സമരം ചെയ്യാനാകൂ ?ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തുന്ന സമരത്തെ അംഗീകരിക്കണം'..മിനി പറഞ്ഞു.