എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദം; ഒഴിഞ്ഞുമാറി സി.പി.എം
വിഷയം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ
മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറി സി.പി.എം. വിഷയം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. ശശീന്ദ്രനെതിരായ ആരോപണങ്ങള്‍ പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്തില്ലെന്നും വിഷയത്തില്‍ മാധ്യമങ്ങളിലൂടെയുള്ള വിവരങ്ങൾ മാത്രമേ അറിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മന്ത്രിയുടെ ഇടപെടലില്‍ അസ്വാഭാവികതയില്ലെന്നും കേസില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ശശീന്ദ്രന്‍ രാജിവെക്കേണ്ടെതില്ലെന്നുമുള്ള നിരീക്ഷണം സി.പി.എം നേരത്തെ നടത്തിയിരുന്നു. ആരോപണങ്ങളില്‍, മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി ശശീന്ദ്രന്‍ വിശദീകരണം നല്‍കുകയും ചെയ്തു. രാജിവെക്കേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രിയും സ്വീകരിച്ചതെന്നാണ് വിവരം.
അതിനിടെ മന്ത്രിക്കെതിരെ കേസെടുക്കാന്‍ കഴിയുമോ എന്നതില്‍ പൊലീസ് നിയമോപദേശം തേടി. സ്ത്രീപീഡന കേസ് ഒതുക്കി തീര്‍ക്കാന്‍ മന്ത്രി ഇടപെട്ടെന്ന പരാതിയിലാണ് നിയമോപദേശം തേടിയത്. എന്നാല്‍, കുറ്റകൃത്യമുണ്ടായെന്ന് കരുതാനാവില്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക നിയമോപദേശം. ഈ സാഹചര്യത്തില്‍ മന്ത്രിക്കെതിരെ കേസെടുത്തേക്കില്ല.