നിര്‍ത്തിയിട്ട ബസിന് മുന്നിലൂടെ നടക്കുകയായിരുന്ന സ്ത്രീയെ ബസിടിച്ചു; വാഹനത്തിനടിയിലേക്ക് വീണ സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴക്ക്

കൽപ്പറ്റ പഴയ ബസ് സ്റ്റാന്‍ഡിനു സമീപമാണ് അപകടമുണ്ടായത്

Update: 2022-10-21 04:59 GMT
Editor : Jaisy Thomas | By : Web Desk
Advertising

വയനാട്: വയനാട് കൽപ്പറ്റയിൽ നിർത്തിയിട്ട ബസിന് മുന്നിലൂടെ നടക്കുകയായിരുന്ന സ്ത്രീയെ ബസിടിച്ചു. ബസിനടിയിലേക്ക് വീണ സ്ത്രീ തലനാരിഴക്കാണ് രക്ഷപ്പെട്ടത് . കൽപ്പറ്റ പഴയ ബസ് സ്റ്റാന്‍ഡിനു സമീപമാണ് അപകടമുണ്ടായത്.

ബസിൽ നിന്നിറങ്ങി മുന്നിലൂടെ നടന്നുപോകുന്നതിനിടെയാണ് അതേ ബസ് തട്ടി സ്ത്രീ അപകടത്തിൽപെട്ടത്. കൽപറ്റ പഴയ ബസ്റ്റാൻഡിൽ വ്യാഴാഴ്ച വൈകിട്ട് നാലരയോടെയുണ്ടായ അപകടത്തിലാണ് ബസ് ഡ്രൈവറുടെയും നാട്ടുകാരുടെയും അവസരോചിതമായ ഇടപെടലിനെ തുടർന്ന് സ്ത്രീ ഒരു പോറൽ പോലുമേൽക്കാതെ അവിശ്വസനീയമായ രീതിയിൽ രക്ഷപ്പെട്ടത്. പഴയ ബസ്റ്റാൻഡിന് സമീപമുള്ള സ്വകാര്യ ഹോട്ടലിന്‍റെ സി.സി.ടി.വിയിലാണ് അപകട ദൃശ്യങ്ങൾ പതിഞ്ഞത്. മാനന്തവാടിയിൽനിന്ന് കൽപറ്റയിലേക്ക് വന്ന ആലാറ്റിൽ എന്ന സ്വകാര്യ ബസിന് മുന്നിലാണ് അപകടമുണ്ടായത്. മാനന്തവാടിയിൽനിന്നാണ് സ്ത്രീ ഈ ബസിൽ കയറിയതെന്നും കൽപറ്റയിൽ നിർത്തിയശേഷം ഇറങ്ങുകയായിരുന്നുവെന്നും കണ്ടക്ടർ എ.ബി ഷാജി പറഞ്ഞു. മുന്നിലെ ഡോറിലൂടെ സ്ത്രീ പുറത്തേക്കിറങ്ങി ബസിന്‍റെ മുൻഭാഗത്തോട് ചേർന്ന് നടന്നുപോകുന്നത് സി.സി ടിവിയിൽ ദൃശ്യത്തിൽ കാണാം. ബസിന്‍റെ മുൻഭാഗത്തോട് ചേർന്ന് നടന്നതിനാൽ തന്നെ ഡ്രൈവർക്ക് ഇത് കാണാൻ കഴിഞ്ഞതുമില്ല. ആളുകൾ ഇറങ്ങിയതോടെ ബസ് മുന്നോട്ടെടുത്തു. ഇതിനിടയിലാണ് സ്ത്രീയെ തട്ടിയത്.

ബസ് തട്ടി മുൻ ടയറിന് സമീപമായി സ്ത്രീ താഴെ വീണത് കണ്ട് ആളുകൾ ബഹളം വെച്ചു. ഇതോടെ ഡ്രൈവർ ബസ് നിർത്തി. മുൻ ടയർ കയറി കയറിയില്ല എന്ന തരത്തിലായിരുന്നു അപകടം. ഉടനെ നാട്ടുകാരെത്തി സ്ത്രീയെ എഴുന്നേൽപിച്ചു. ഒരു സെക്കൻഡ് വൈകിയിരുന്നെങ്കിൽ വലിയ ദുരന്തമായി മാറിയേക്കാവുന്ന അപകടമാണ് തലനാരിഴക്ക് വഴിമാറിയതെന്നും ബസിന് ബോഡിയോട് ചേർന്ന് ആളുകൾ നടന്നാൽ കാണാൻ കഴിയില്ലെന്നും ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കണമെന്നും ഡ്രൈവർ ദേവസ്യ കപ്പലുമാക്കൽ പറഞ്ഞു. അപകടത്തിനു ശേഷം പരിക്കൊന്നുമില്ലാത്തതിനാൽ മറ്റൊരു ബസിൽ കയറി സ്ത്രീ പോകുകയായിരുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News