എക്സൈസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ അബ്കാരി കേസ് പ്രതിയുടെ അതിക്രമം; കാറിന്റെ ബോണറ്റും ജനൽ ചില്ലുകളും അടിച്ച് തകർത്തു
ഹനീഷിന്റെ ഭാര്യക്ക് ആക്രമണത്തിൽ പരിക്കേറ്റു
എറണാകുളം: എക്സൈസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ അബ്കാരി കേസ് പ്രതിയുടെ അതിക്രമം. എറണാകുളം വടക്കൻ പറവൂരിൽ എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ ഹനീഷിന്റെ വീട്ടിലാണ് പ്രതിയായ രാകേഷ് ആക്രമണം നടത്തിയത്. ഹനീഷിന്റെ ഭാര്യക്ക് ആക്രമണത്തിൽ പരിക്കേറ്റു. കാറിന്റെ ബോണറ്റും വീടിന്റെ ജനൽ ചില്ലുകളും തകർന്നിട്ടുണ്ട്. രാകേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
അനധികൃത മദ്യ വില്പന നടത്തിയതിന് പറവൂർ സ്വദേശിയായ രാകേഷിനെതിരെ എക്സൈസ് കേസ് എടുത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഹനീഷിന്റെ കെടാമംഗലത്തുള്ള വീട്ടിലെത്തി പ്രതി അതിക്രമം നടത്തിയത്. വീടിന്റെ കാർപോർച്ചിൽ കിടക്കുകയായിരുന്ന കാറിന്റെ ബോണറ്റ് കരിങ്കല്ലുകൊണ്ട് ഇടിച്ചു തകർത്ത രാകേഷ് വീടിന്റെ ജനൽ ചില്ലും കല്ലെറിത്ത് തകർത്തു. തടയാൻ എത്തിയപ്പോഴാണ് ഹനീഷിന്റെ ഭാര്യ വീണയെ രാകേഷ് ആക്രമിച്ചത്. ആക്രമണത്തിൽ വീണക്ക് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് ഹനീഷിന്റെ മകളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി രാകേഷ് കടന്നുകളയുകയായിരുന്നു.
ഇന്നലെ രാത്രിയാണ് രാകേഷിനെ പറവൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടിൽ അതിക്രമിച്ചു കടന്നതിനും നാശനഷ്ടം വരുത്തിയതിനും ഭീഷണിപ്പെടുത്തിയതിനുമടക്കമാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്.