വയനാട് മുട്ടിലിൽ കാർ മരത്തിലിടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു
കോയമ്പത്തൂര്‍ നെഹ്റു കോളജിലെ വിദ്യാര്‍ഥികളാണ് മൂന്നു പേരും. മുട്ടിൽ വാര്യാട് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.
വയനാട്: വയനാട് മുട്ടിലിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് കോളജ് വിദ്യാർഥികൾ മരിച്ചു. കോയമ്പത്തൂര്‍ നെഹ്റു കോളജിലെ വിദ്യാര്‍ഥികളാണ് മൂന്നു പേരും. മുട്ടിൽ വാര്യാട് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.
വയനാട് പുൽപ്പള്ളി സ്വദേശി അനന്തു വിനോദ്, പാലക്കാട് സ്വദേശി യദു കൃഷ്ണൻ, കൊല്ലങ്കോട് സ്വദേശി മിഥുൻ എന്നിവരാണ് മരിച്ചത്. കോയമ്പത്തൂർ നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജിലെ ഒന്നാം വർഷ വിഷ്വൽ കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളാണ് മരിച്ച മൂന്നുപേരും. സുൽത്താൻ ബത്തേരിയിൽ നിന്ന് കൽപ്പറ്റയിലേക്കുള്ള യാത്രക്കിടെ നിയന്ത്രണം വിട്ട കാർ മരത്തിലിടിക്കുകയായിരുന്നു.
വാഹനം പൂർണമായി തകർന്നു. കാറിലുണ്ടായിരുന്ന ഒറ്റപ്പാലം പത്തൻകുളം സ്വദേശി ഫവാസ്, കോഴിക്കോട് കക്കോടി സ്വദേശി യാദവ് എന്നിവര്‍ക്ക് പരിക്കേറ്റു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് അപകടത്തിൽപെട്ട വിദ്യാർത്ഥികളെ കൽപ്പറ്റയിലെ ആശുപത്രിയിലേക്ക് മാറ്റി. വിനോദ യാത്രക്കായി ഇന്നലെയാണ് സംഘം വയനാട്ടിലെത്തിയത്. പുൽപ്പള്ളി കാറ്റുവെട്ടിയിൽ അനന്തുവിന്റെ വീട്ടിൽ വന്ന ശേഷം സ്ഥലങ്ങള്‍ കാണാനായുള്ള യാത്രക്കിടെയാണ് അപകടം. മീനങ്ങാടി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.